ഒഡീഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾക്കിടയിൽ പിതാവ്  കണ്ടത്  മകന്റെ  സ്പന്ദിക്കുന്ന  ശരീരം

Tuesday 06 June 2023 12:25 AM IST

ബാലസോർ: കഴിഞ്ഞ ദിവസത്തെ ട്രെയിൻ അപകടത്തിൽ മകൻ മരിച്ചെന്ന് മറ്റുള്ളവർ അറിയിച്ചെങ്കിലും വിശ്വസിക്കാൻ തയ്യാറാകാത്ത പിതാവ് മൃതദേഹങ്ങൾക്കിടയിൽ മകന്റെ സ്പന്ദിക്കുന്ന ശരീരം കണ്ടെത്തി. ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയും ചെയ്തു.

ഹൗറയി കട ഉടമയായ ഹേലാറാം മാലിക്കാണ് മകൻ ബിശ്വജിത്തിനെ മരണത്തിൽ നിന്ന് തിരിച്ചുപിടിച്ചത്.

കോറമണ്ഡൽ എക്സ് പ്രസിൽ പോകാനായി മകനെ ഷാലിമാർ സ്റ്റേഷനിൽ കൊണ്ടാക്കി തിരിച്ചെത്തിയ ഹേലാറാമിനെ കാത്തിരുന്നത് അപക‌ട വാർത്തയാണ്. മകനെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പലവട്ടം വിളിച്ചപ്പോൾ, ആരോ എടുത്തു. ഈ ഫോണിന്റെ ഉടമ മരിച്ചു... അതായിരുന്നു അങ്ങേത്തലയ്ക്കൽ നിന്നുള്ള മറുപടി. അതു വിശ്വസിക്കാൻ ഹേലാറാം തയ്യാറായില്ല. 230 കിലോമീറ്റർ അകലെയുള്ള സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സഹായത്തിന് ആംബുലൻസ് ഡ്രൈവർ പലാഷ് പണ്ഡിറ്റിനെയും ഭാര്യാ സഹോദരൻ ദീപക് ദാസിനെയും ഒപ്പം കൂട്ടി. ബാലസോറിൽ എത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞു.

ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും എങ്ങും കണ്ടെത്താനായില്ല. മരിച്ചവരുടെ ലിസ്റ്റ് നോക്കി. അതിൽ പേരുണ്ട്. ഇല്ല, അവൻ മരിച്ചിട്ടില്ല... ഹേലാറാം പുലമ്പിക്കൊണ്ടിരുന്നു. എങ്കിലും മോർച്ചറികളിൽ പരതി. എങ്ങും കണ്ടെത്താനായില്ല. എവിടെത്തിരയും എന്നറിയാതെ നിന്ന ഹേലാറാമിനെ സന്നദ്ധ പ്രവർത്തകൻ ബഹനാഗ ഹൈസ്‌കൂളിലേക്ക് പറഞ്ഞുവിട്ടു. ചെല്ലുമ്പോൾ കാണുന്നത് നിരനിരയായി കിടത്തിയിരിക്കുന്ന മൃതദേഹങ്ങളാണ്. അതിലൊന്നും മകനില്ലായിരുന്നു. തൊട്ടടുത്ത ഹാളിലെത്തിയ ഹേലാറാം ചുറ്റും പരതി. ഒരു മൃതദേഹത്തിന്റെ കൈവിരലുകൾക്ക് നേരിയ അനക്കം. ഹേലാറാം അലറി വിളിച്ച് ആ മുഖത്തേക്ക് നോക്കി. സ്വന്തം മകൻ. മറ്റുള്ളവർ ഓടിയെത്തി. ആംബുലൻസിൽ ബാലസോർ ആശുപത്രിയിലും അവിടെ നിന്ന് കട്ടക്ക് മെഡിക്കൽ കോളേജിലും എത്തിച്ചു.

രണ്ട് ഓപ്പറേഷനുകൾ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. കാലിൽ വീണ്ടും ശസ്ത്രക്രിയ നടത്തണം. വലതു കൈയ്ക്ക് ഒന്നിലധികം ഒടിവുകൾ ഉണ്ട്. ഹേലാറാമും ചികിത്സയിലാണ്. അബോധാവസ്ഥയിലായിരുന്ന ബിശ്വജിത്തിനെ ആരോ മൃതദേഹങ്ങൾക്കൊപ്പം മാറ്റിയതാവാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഹേലാറാം ഒരു ദൈവവിളി പോലെ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ 24കാരനായ ബിശ്വജിത്തിന്റെ ജീവൻ നഷ്ടപ്പെട്ട് മൃതദേഹങ്ങൾക്കൊപ്പം ആ ശരീരവും എണ്ണപ്പെടുമായിരുന്നു.