സൗദിയിലെ ഇറാൻ എംബസി ഇന്ന് തുറക്കും

Tuesday 06 June 2023 5:03 AM IST

റിയാദ് : നീണ്ട ഏഴ് വർഷത്തിന് ശേഷം സൗദി അറേബ്യയിലെ തങ്ങളുടെ എംബസി ഇറാൻ ഇന്ന് തുറക്കും. മാർച്ചിൽ ബീജിംഗിൽ ചൈനയുടെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളിലെയും എംബസികൾ തുറക്കാനും തീരുമാനിച്ചത്.

2016ൽ ടെഹ്‌‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ർ അൽ - നിമ്‌റിനെ സൗദി തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. വൈകാതെ ഇറാന്റെ നയതന്ത്രപ്രതിനിധികളെ സൗദി പുറത്താക്കിയിരുന്നു.

ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് റിയാദിൽ ഇറാന്റെ എംബസി തുറക്കുന്നത്. അലിറെസ എനയാത്തിയെ സൗദിയിലെ ഇറാൻ അംബാസഡറായി നിയമിച്ചു. നേരത്തെ കുവൈറ്റിലെ ഇറാൻ അംബാസഡറായിരുന്നു അലിറെസ. അതേ സമയം, ടെഹ്‌റാനിലെ എംബസി എന്ന് തുറക്കുമെന്നോ അംബസാഡറെ എപ്പോൾ നിയമിക്കുമെന്നോ സൗദി വ്യക്തമാക്കിയിട്ടില്ല.

Advertisement
Advertisement