1,312 അടി താഴ്ചയിലേക്ക് വീണു, സാഹസികന് ദാരുണാന്ത്യം

Tuesday 06 June 2023 5:03 AM IST

റോം : ബേസ് ജംപിംഗിനിടെ 1,312 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ 65കാരനായ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം. ശനിയാഴ്ച ഇറ്റലിയിലെ ട്രെന്റിനോയിലെ ഒരു പർവത പ്രദേശത്തായിരുന്നു സംഭവം. കോൺവാൾ സ്വദേശിയായ മാർക്ക് ആൻഡ്രൂസിനാണ് ജീവൻ നഷ്ടമായത്. വളരെ പരിചയസമ്പന്നനായ ബേസ് ജംപിംഗ് താരമായിരുന്നു ആൻഡ്രൂസ്. വിംഗ് സ്യൂട്ടും പാരഷൂട്ടും ധരിച്ച് പർവതത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. 600 തവണയിലേറെ ബേസ് ജംപ് ചെയ്തിട്ടുണ്ട് ആൻഡ്രൂസ്. ഇദ്ദേഹം നിലവിൽ ഭാര്യയ്ക്കൊപ്പം റൊമേനിയയിലെ ബുക്കാറസ്റ്റിലായിരുന്നു താമസം. ഇദ്ദേഹം ഒറ്റയ്ക്കാണ് ട്രെന്റിനോയിൽ ബേസ് ജംപിനെത്തിയത്. ഇദ്ദേഹം താഴെ വീണ് മരിച്ചെന്ന വിവരം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ബേസ് ജംപിംഗ് താരമാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിലെത്തി മൃതദേഹം വീണ്ടെടുക്കുകയായിരുന്നു.

അതേ സമയം, ആൻഡ്രൂസ് വീണ് മരിച്ച അതേ സ്ഥലത്ത് കൃത്യം ഒരു വർഷം മുമ്പ് മറ്റൊരു ബ്രിട്ടീഷ് ബേസ് ജംപർ കൊല്ലപ്പെട്ടിരുന്നു. 2022 ജൂൺ 2നായിരുന്നു ഡിലൻ മോറിസ് റോബർട്സ് എന്ന ബേസ് ജംപറുടെ മരണം. പർവതത്തിൽ നിന്ന് താഴേക്ക് ചാടിയ ഇദ്ദേഹത്തിന് കൃത്യ സമയത്ത് പാരഷൂട്ട് തുറക്കാനായില്ല. പാറയിൽ ഇടിച്ചുവീണ ഇദ്ദേഹം തത്ക്ഷണം മരിച്ചു.

 ബേസ് ജംപിംഗ്

ബിൽഡിംഗ്സ്, ആന്റിനാസ്, സ്പാൻസ്, എർത്ത് - എന്നതാണ് ബേസിന്റെ പൂർണരൂപം ( BASE ). ബേസ് ജംപിംഗ് അടിസ്ഥാനപരമായി സ്കൈ ഡൈവിംഗ് ആണ്. എന്നാൽ, സ്കൈ ഡൈവിംഗിലേത് പോലെ ഇതിൽ വിമാനം ഉപയോഗിക്കുന്നില്ല. പകരം കെട്ടിടങ്ങൾ, പർവതങ്ങൾ, പാലങ്ങൾ തുടങ്ങിയവയിൽ നിന്ന് ചാടുകയും താഴെ സുരക്ഷിതമായി ഇറങ്ങാൻ പാരഷൂട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. അത്യന്തം അപകടകരമായ ബേസ് ജംപിംഗ് കഴിഞ്ഞ 20 വർഷത്തിനിടെ 400ലേറെ പേരുടെ ജീവൻ കവർന്നെന്നാണ് കണക്ക്.

Advertisement
Advertisement