സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്ന് സൂചന, പുതിയ പാർട്ടി രൂപീകരിച്ചേക്കും

Tuesday 06 June 2023 8:34 AM IST

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നതായി സൂചന. പുതിയ പാർട്ടിക്ക് സച്ചിൻ രൂപം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാവാത്തതാണ് പുതിയ തീരുമാനത്തിന് സച്ചിനെ പ്രേരിപ്പിച്ചത്.

പ്രഗതി ശീൽ കോൺഗ്രസ് എന്ന പേരിലാകും പുതിയ പാർട്ടി എന്ന് സച്ചിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിന വാർഷികത്തിൽ സച്ചിൻ പാർട്ടി പ്രഖ്യാപനം നടത്തും.

തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണു വിവരം. ഏപ്രിൽ 11ന് മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിൻ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്‌മേറിൽനിന്നു ജയ്പുർ വരെ സച്ചിൻ നടത്തിയ അഞ്ച് ദിവസത്തെ പദയാത്രയ്ക്ക് പിന്നിലും ഐപാക് ആയിരുന്നു.

മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഹൈക്കമാൻഡ് പലവട്ടം ഇരുവരുമായും ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്‌നം തീർന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.