'ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്'; തിയേറ്ററുകൾ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് ജൂഡ് ആന്റണി

Tuesday 06 June 2023 5:38 PM IST

2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തിൽ പ്രതികരിച്ച് സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. തിയേറ്റർ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാൽ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുൻപുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവർക്കും നന്ദി. തിയേറ്റർ ഉടമകളും പ്രേക്ഷകരുമാണ് യഥാർത്ഥ ഹീറോകൾ.

നാളെയാണ് 2018 'സോണിലിവിൽ' എത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചത്. ഫിയോക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കരാർ ലംഘിച്ചുകൊണ്ടാണ് 2018 ഒ ടി ടിയിൽ റിലീസ് ചെയ്യുന്നുവെന്നതാണ് പ്രതിഷേധത്തിന്റെ കാരണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒ ടി ടിയിൽ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിർമാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാൽ പുറത്തിറങ്ങി 33ാം ദിവസമാണ് 2018 ഒ ടി ടി പ്ളാറ്റ്‌ഫോമിലെത്തുന്നത്. നാളെയും മറ്റെന്നാളും സിനിമ കാണാൻ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement