അക്‌സായ് ചിന്നിൽ ചൈന സൈനിക സജ്ജീകരണം വിപുലമാക്കുന്നു

Tuesday 06 June 2023 8:00 PM IST
Aksai Chin

ബെയ്ജിംഗ്: ഇന്ത്യൻ അതിർത്തി പ്രദേശമായ അക്‌സായ് ചിന്നിൽ ചൈന സൈനിക സജ്ജീകരണം വിപുലപ്പെടുത്തുന്നു. യു.കെ ആസ്ഥാനമായുള്ള റോയൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ അഫയേഴ്സ് എന്നറിയപ്പെടുന്ന വിദഗ്ധ സംഘടനയായ ചാറ്റം ഹൗസ് പുറത്തു വിട്ട റിപ്പോ‌ർട്ടിലാണ് ഇതുസംബന്ധിച്ച വിശദീകരണമുള്ളത്.

പ്രദേശത്തെ റോഡുകൾ, ഔട്ട്‌പോസ്റ്റുകൾ, ക്യാമ്പുകൾ എന്നിവ ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2022 ഒക്ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. അക്‌സായ് ചിൻ തടാകത്തിന് സമീപമുള്ള തർക്കപ്രദേശത്ത് പുതിയ ഹെലിപോർട്ട് നിർമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തുള്ള റോഡുകൾ വികസിപ്പിച്ചതായും ഔട്ട്‌പോസ്റ്റുകൾ, പാർക്കിംഗ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപാഡുകൾ, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയവയും അക്‌സായ് ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. അതിർത്തി തർക്കം മൂലം ആറു പതിറ്റാണ്ടിലെ ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നിലവിൽ ഇന്ത്യ - ചൈന ബന്ധം എത്തിയിരിക്കുന്നത്. ഗാൽവാൻ താഴ്വരയിൽ 2020 ജൂണിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടശേഷമാണ് ബന്ധം ഏറ്റവും വഷളാകുന്നത്.

ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വിപുലപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്ചാറ്റം ഹൗസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശത്തെ റോഡുകൾ വികസിപ്പിച്ചതും ഔട്ട്‌പോസ്റ്റുകൾ, പാർക്കിംഗ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപാഡുകൾ, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയവയും അക്‌സായ് ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള 18 ഹാംഗറുകളും ഹ്രസ്വ റൺവേകളും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു. ഇത്തരം സൗകര്യങ്ങൾ തർക്ക പ്രദേശത്തുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയെ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.