വായ്പ വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടി: രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Wednesday 07 June 2023 12:19 AM IST

ആലുവ: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് 1.05 കോടി രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇവർ ഉൾപ്പെട്ട മാഫിയാ സംഘം കുറഞ്ഞത് നൂറു കോടി രൂപയാണ് വായ്പയായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ശതമാനം തുക രജിസ്‌ട്രേഷനും മറ്റുമെന്ന് പറഞ്ഞ് ആദ്യം വാങ്ങും. പിന്നാലെ ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവ ആവശ്യപ്പെടും. വിശ്വാസ്യതയ്ക്കായി നൂറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കാണിക്കും. തമിഴ്‌നാട്ടിലെ രജിസ്‌ട്രേഷൻ ഓഫീസിലും ഇവർക്ക് ആളുകളുണ്ട്. അവിടെ രജിസ്‌ട്രേഷൻ നടപടികളുടെ ഭാഗമെന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടുവിക്കുകയും ഡ്രാഫ്റ്റ് കൈമാറി രണ്ട് കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് രീതി. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും. തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ട് ശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്ത് വരാറില്ല.

മൂവാറ്റുപുഴ സ്വദേശിക്ക് അമ്പതു കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി വാഗ്ദാനം ചെയ്തത്. രജിസ്‌ട്രേഷൻ നടപടികൾക്കായി തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം അമ്പതു ലക്ഷത്തിന്റെ ഡ്രാഫ്റ്റ് കാണിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം വാങ്ങുകയായിരുന്നു.

ജില്ലാ പൊലിസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം പ്രതികളെ പിടികൂടുമ്പോൾ ഒപ്പം ആയുധധാരികളായ അംഗരക്ഷകരുമുണ്ടായിരുന്നു. കേരളത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ഡിവൈ.എസ്.പി വി. രാജീവ്, ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാരായ ടി.എം.സൂഫി, സന്തോഷ് ബേബി, രാജേഷ്, എ.എസ്.ഐ ശ്യാംകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement