തയ്‌വാൻ കടലിടുക്കിൽ യുഎസ് – ചൈന യുദ്ധക്കപ്പലുകൾ നേർക്കുനേർ
ബാങ്കോക്ക്: തയ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസത്തിനിടെ ചൈനീസ് - യു.എസ് യുദ്ധക്കപ്പലുകൾ കൂട്ടിയിടിയുടെ വക്കിലെത്തി. തായ്‍വാൻ കടലിടുക്കിലൂടെ യു.എസ് കപ്പലിന് 137 മീറ്റർ മുന്നിലായി ചൈനീസ് കപ്പൽ കുറുകെ കടക്കുകയായിരുന്നു. കൂട്ടിയിടി ഒഴിവാക്കാൻ യു.എസ് കപ്പൽ വേഗം കുറച്ചു.
ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ യു.എസ് ഇന്നലെയാണ് പുറത്തുവിട്ടത്. യു.എസ് സേനയുടെ ചംഗ് ഹൂണും കനേഡിയൻ യുദ്ധക്കപ്പലായ എം.എം.സി.എസ് മോണ്ട്റിയലും സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ചൈനയുടെ യുദ്ധക്കപ്പൽ ഇടയിലെത്തിയത്.
പത്തുദിവസത്തിനിടെ രണ്ടാം തവണയാണ് ഏഷ്യ - പസഫിക് മേഖലയിൽ അമേരിക്കൻ-ചൈന സൈനികർ വെല്ലുവിളിക്ക് സമാനമായ നീക്കം നടത്തുന്നത്. ചൈന നടത്തിയത് പ്രകോപനവും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന നീക്കവുമാണെന്ന് യു.എസ് ആരോപിച്ചു. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എവിടെയും യു.എസ് സൈന്യം കപ്പലോടിക്കുമെന്നും ചൈനയിൽ നിന്നുള്ള ഭീഷണിയുടെയോ ബലപ്രയോഗത്തിന്റെയോ മുന്നിൽ വാഷിംഗ്ടൺ പതറില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
‘ബെയ്ജിംഗ് സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന സ്വയംഭരണ പ്രദേശമായ തായ്‍വാനിൽ തൽസ്ഥിതി നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, തായ്‍വാൻ കടലിടുക്കിലൂടെയും ദക്ഷിണ ചൈന കടലിടുക്കിലൂടെയും സ്ഥിരമായി കപ്പലോടിക്കുകയും അത് അന്താരാഷ്ട്ര ജലപാതയാണെന്ന് ഊന്നിപ്പറയുകയും ചെയ്യും - ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
അതേസമയം ചൈനയും യു.എസും ഏറ്റുമുട്ടിയാൽ ലോകത്തിന് താങ്ങാൻ കഴിയാത്ത ദുരന്തമാകുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാംഗ്ഫു പറഞ്ഞു. സിംഗപ്പൂരിൽ ‘ഷാൻഗ്രില’ പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യ - പസഫിക് മേഖലയിൽ നാറ്റോ പോലുള്ള സൈനിക സഖ്യം വരുന്നതിനെതിരെ ലി ഷാംഗ്ഫു മുന്നറിയിപ്പ് നൽകി. ‘ചില രാജ്യങ്ങൾ ആയുധക്കച്ചവട മത്സരത്തിനിറങ്ങുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയുമാണ്. തർക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ചുഴലിക്കാറ്റിലേക്ക് ഈ മേഖലയെ അവർ തള്ളിയിടുകയാണ്. അമേരിക്കയുമായി സംഭാഷണത്തിന് ബെയ്ജിംഗ് ശ്രമിക്കുന്നു. യു.എസിനും ചൈനക്കും ഒരുമിച്ച് വളരാൻ ലോകം പര്യാപ്തമാണ്’. - അദ്ദേഹം പറഞ്ഞു.
ചൈനയും തായ്‌വാനും പതിറ്റാണ്ടുകളായി ശത്രുക്കളാണ്. 1949ലെ ആഭ്യന്തരയുദ്ധത്തിനുശേഷം ഭിന്നിച്ച തയ്‍വാനെ എന്നെങ്കിലും തങ്ങളുടെ അധീനതയിലാക്കാമെന്ന കണക്കുകൂട്ടലിലാണ് ചൈന. സ്വയംഭരണമേഖലയായ തയ്‍വാൻ ചൈനയുടേതാണെന്ന് പ്രഖ്യാപിക്കുന്ന ‘ഏകചൈനാനയം’ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഈ നയം സ്വീകരിച്ച രാജ്യങ്ങൾ ഒരേസമയം ചൈനയോടും തയ്‍വാനോടും നയതന്ത്രബന്ധം പുലർത്തരുതെന്ന് ചൈന യു.എസിനുൾപ്പെടെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.