ഓർഡിനൻസ്: കേജ്‌രിവാൾ അഖിലേഷിനെ കാണും

Wednesday 07 June 2023 1:23 AM IST

ന്യൂഡൽഹി: ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഡൽഹി ഓർഡിനൻസ് നിയമമാക്കുന്നത് തടയാനുള്ള പിന്തുണ തേടി ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ലക്നൗവിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ കാണും. ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി കേജ്‌രിവാൾ മേയ് 23 മുതൽ രാജ്യവ്യാപകമായി പര്യടനം നടത്തിവരുന്നു.

ഇതിനകം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എൻ.സി.പി നേതാവ് ശരദ് പവാർ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.