വിവാഹ നിശ്ചയത്തിനിടെ പായസത്തിന്റെ പേരിൽ കൂട്ടത്തല്ല്, ഒടുവിൽ തമ്മിലടി നടുറോഡിലായി; വീഡിയോ വൈറൽ

Wednesday 07 June 2023 11:12 AM IST

ചെന്നൈ: വിവാഹനിശ്ചയ ചടങ്ങിനിടെ പായസത്തിന്റെ പേരിൽ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ മയിലാടുതുറൈ സീർകാഴി സൗത്തിലാണ് സംഭവം. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. തമ്മിലടി റോഡിലേയ്ക്കും നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടു.

സീർകാഴി രഥ റോഡിലുള്ള ഒരു വിവാഹമണ്ഡപത്തിൽ വച്ചാണ് നിശ്ചയം നടന്നത്. ചടങ്ങിന് ശേഷം സദ്യ വിളമ്പിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ചോറ് കഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്റെ പേരിലായിരുന്നു ആദ്യം തർക്കമുണ്ടായത്. തുടർന്ന് പായസത്തിന് രുചി പോരെന്നായി വരന്റെ ബന്ധുക്കൾ. തർക്കം രൂക്ഷമായതോടെ വരന്റെ ഒപ്പമെത്തിയവരിൽ ഒരാൾ വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. ശേഷം കൂട്ടത്തല്ലാവുകയായിരുന്നു.

ഭക്ഷണശാലയിലെ മേശയും കസേരയും അടിച്ചുപൊട്ടിച്ച് ഓഡിറ്റോറിയത്തിന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. റോഡിലേയ്ക്കിറങ്ങി തമ്മിൽ തല്ലാൻ തുടങ്ങിയതിന് പിന്നാലെ സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. തമ്മിലടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.