തിരഞ്ഞെടുപ്പ് വരാനിരിക്കെ മദ്ധ്യപ്രദേശ് പിടിച്ചെടുക്കാനുള്ള പുതു തന്ത്രങ്ങളുമായി കോൺഗ്രസ്; തീവ്രഹിന്ദുത്വ സംഘടനയെ പാർട്ടിയിലെടുത്തു

Wednesday 07 June 2023 11:52 AM IST

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മദ്ധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു. ആർഎസ്എസ്- ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. ബിജെപി നേതാവും ബജ്‌റംഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ തൽസ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിമുതൽ കോൺഗ്രസിന്റെയും മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ബജ്‌റംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് പിന്നിലെന്നാണ് വിവരം. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്‌റംഗ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാർട്ടി വിട്ടത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് ബജ്റംഗ് സേനയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.

ബജ്‌റംഗ് സേനയുടെ സമാന സ്വഭാവമുള്ള സംഘടനയായ ബജ്റംഗ് ദളിനെ കർണാടകയിൽ നിരോധിക്കാൻ മടിക്കില്ലെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ലയനം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിൽ വൻ വിഷയമാക്കി ആളിക്കത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിച്ചിരുന്നു. ഇത് വലിയ തോതിൽ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.

Advertisement
Advertisement