തട്ടിപ്പിന്റെ പുതിയ വഴി; നാപ്‌ടോൾ സ്‌ക്രാച്ച് ആൻഡ് വിന്നിൽ കിട്ടുന്നത് വമ്പൻ സമ്മാനം; ചെങ്ങന്നൂർ സ്വദേശിനിക്ക് നഷ്‌ടപ്പെട്ടത് എട്ടുലക്ഷം രൂപ

Wednesday 07 June 2023 12:15 PM IST

ആലപ്പുഴ: നാപ്‌ടോൾ സ്‌ക്രാച്ച് ആൻഡ് വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഓൺലൈനായി ലക്ഷങ്ങൾ തട്ടിയ രണ്ടംഗ സംഘം സൈബർ പൊലീസിന്റെ പിടിയിലായി. ദേവികുളങ്ങര സ്വദേശിയും ഇപ്പോൾ ഇടുക്കി കരിങ്കുന്നം പുത്തൂർ കിഴക്കതിൽ വീട്ടിൽ താമസക്കാരനുമായ മനുചന്ദ്രൻ (35), എറണാകുളം ആലുവ കീഴ്മാട് പഞ്ചായത്ത് 21-ാം വാർഡിൽ ചെന്താര വീട്ടിൽ ലിഷിൽ (35) എന്നിവരാണ് പിടിയിലായത്.

സമ്മാനമായി ലഭിച്ച ഥാർ വാഹനത്തിന്റെ സർവീസ് ചാർജ്,​ വിവിധ ടാക്‌സ് എന്നിവയ്ക്കെന്ന് വിശ്വസിപ്പിച്ച് ചെങ്ങന്നൂർ സ്വദേശിനിയിൽ നിന്ന് 16 തവണകളായി സംഘം 8,22,100 രൂപ തട്ടിയെടുത്തു. വാഹനം ആവശ്യപ്പെട്ടപ്പോൾ വീണ്ടും പണം ചോദിച്ചതിൽ സംശയം തോന്നിയ യുവതി ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സി.ഐ കെ.പി.വിനോദ്, എ.എസ്.ഐമാരായ സജികുമാർ, ശരത്ചന്ദ്രൻ, എസ്.സി.പി.ഒമാരായ ബിനോജ്, നെഹൽ, സി.പി.ഒമാരായ സുഭാഷ് ചന്ദ്രബോസ്, സിദ്ദിഖ്, ജോസഫ് ജോയ് എന്നിവരും എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ സെൽ വിദഗ്ദ്ധരും അടങ്ങിയതായിരുന്നു അന്വേഷണ സംഘം. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.