വർഷം 2 കോടിയിലധികം വരുമാനമുണ്ടാക്കുന്ന പ്ളംബർ, സ്‌റ്റീഫൻ എന്ന 34കാരനെ പരിചയപ്പെടാം
ഒരു വർഷം രണ്ട് കോടിയിലധികം വരുമാനമുണ്ടാക്കുന്ന പ്ളംബറെ കുറിച്ച് കേട്ടിട്ടുണ്ടോ? വിദേശത്താണ് കോടികൾ സമ്പാദിക്കുന്ന ഈ പ്ളംബറുള്ളത്. യുകെയിലെ കെൻസിംട്ടൺ സ്വദേശിയായ സ്റ്റീഫൻ ഫ്രൈ എന്ന 34കാരനാണ് കക്ഷി. മറ്റുള്ള സഹപ്രവർത്തകരിൽ നിന്നും വിഭിന്നമായി പ്രവർത്തന സമയത്ത് വരുത്തിയ ചില മാറ്റങ്ങളാണ് ഇത്രയധികം രൂപ സമ്പാദിക്കാൻ സ്റ്റീഫനെ സഹായിച്ചത്.
മറ്റുള്ളവരെ പോലെ രാവിലെ 8 മണിക്ക് ജോലി തുടങ്ങി വൈകിട്ട് അവസാനിപ്പിക്കുന്ന രീതിയല്ല സ്‌റ്റീഫൻ സ്വീകരിച്ചത്. ഇയാൾ തന്റെ വർക്ക് ആരംഭിക്കുന്നത് തന്നെ വൈകുന്നേരങ്ങളിലാണ്. രാത്രി മുഴുവനും കർമ്മനിരതനാകും. തേടി വരുന്ന എമർജൻസി കോളുകളൊന്നും സ്‌റ്റീഫൻ ഒഴിവാക്കാറില്ല. പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണുകയും ചെയ്യും. വർഷാവർഷം 2,10,000 പൗണ്ടാണ് വരുമാനമുണ്ടാക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ രണ്ട് കോടി 15 ലക്ഷത്തിന് മുകളിൽ.
17 വയസിൽ അപ്രന്റിഷിപ്പിൽ നിന്ന് തുടങ്ങുന്നതാണ് സ്റ്റീഫൻ ഫ്രൈയുടെ പ്ളംബിംഗ് കർമ്മ മേഖല. 10 വർഷങ്ങൾക്ക് മുമ്പ് പിംലിക്കോ പ്ളംബേഴ്‌സ് എന്ന് പേരുള്ള ഒരു കമ്പനിയിൽ ഇയാൾ ചേർന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവിടുത്തെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി സ്‌റ്റീഫൻ മാറി. ഒരു ആഴ്‌ച 58 മണിക്കൂർ ഏറ്റവും കുറഞ്ഞ ജോലി ഉറപ്പാക്കും.