സോക്‌സിനുള്ളിലാക്കി മുഹമ്മദ് അൽത്താഫും മുഹമ്മദ് ബഷീറും കടത്തിയത് ഒരു കോടിയിലേറെ വിലവരുന്ന സ്വർണം; പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ
കണ്ണൂർ: ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരായ രണ്ടുപേരിൽ നിന്ന് പിടികൂടിയത് 1.10 കോടി രൂപയുടെ സ്വർണം. കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരിൽ നിന്നാണ് 1797 ഗ്രാം സ്വർണം പിടിച്ചത്.
ബുധനാഴ്‌ച പുലർച്ചെയാണ് ഇവർ കണ്ണൂരിൽ വിമാനമിറങ്ങിയത്. പേസ്‌റ്റ് രൂപത്തിലാക്കിയ സ്വർണം സോക്‌സിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനാണ് ശ്രമിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡി ആർ ഐയും കസ്‌റ്റംസും നടത്തിയ പരിശോധനയിൽ മുഹമ്മദ് അൽത്താഫിൽ നിന്ന് 1157 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 71 ലക്ഷം രൂപ വിലവരും. മുഹമ്മദ് ബഷീറിൽ നിന്ന് 39 ലക്ഷം രൂപയുടെ 640 ഗ്രാം സ്വർണം പിടിച്ചെടുത്തു.
കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിൽ അബുദാബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അജ്‌മൽ സുനൈഫിൽ നിന്ന് 73 ലക്ഷം രൂപ വിലവരുന്ന 1199 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. അന്ന് മൈക്രോവേവ് ഓവന്റെ മോട്ടോറിനുള്ളിൽ ഘടിപ്പിച്ച നിലയിലായിരുന്നു സ്വർണക്കടത്ത്.