ഭൂമിക്ക് പുറത്തുനിന്ന് ഇനി മനുഷ്യന് ലൈവ് വീഡിയോയും ചെയ്യാം; ചൊവ്വയിൽ നിന്നുള്ള പരീക്ഷണം വിജയകരം

Wednesday 07 June 2023 9:10 PM IST

ലണ്ടൻ: ഭൂമിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് വീഡിയോ ഷെയർ ചെയ്യുന്നത് നമ്മുടെ പതിവായിട്ടുണ്ട്. എന്നാലിനി ഭൂമിയിൽ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ എല്ലാം പോയാലും മനുഷ്യന് ലൈവ് സ്‌ട്രീമിംഗ് സാദ്ധ്യമാകും.യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ചൊവ്വാ ദൗത്യം മാർസ് ‌എക്‌സ്‌പ്രസ് ആദ്യമായി ലൈവ് വീഡിയോ ചെയ്‌ത് അയച്ചിരിക്കുകയാണ്. ചൊവ്വയെ ചുറ്റുന്നതിനിടെയെടുത്ത വീഡിയോ ദൃശ്യങ്ങൾ തത്സമയം ഭൂമിയിലേക്കയച്ചു.

ഗ്രൗണ്ട് സ്‌റ്റേഷനിൽ ഒരു മിനുട്ടിന് ശേഷമാണ് ദൃശ്യമെത്തിയത്. 300 മില്യൺ കിലോമീറ്റർ അകലെ ഭൂമിയിലേക്ക് എന്നാൽ 17 മിനുട്ടുകൾക്കകമാണ് ഈ ദൃശ്യങ്ങൾ എത്തിയത്. സ്‌പെയിനിലെ ഡീപ് സ്‌പേസ് റിലേ ആന്റിനയിൽ മഴ കാരണം പ്രക്ഷേപണം തടസപ്പെടുകയും ചെയ്‌തു. ചൊവ്വയുടെ മൂന്നിലൊന്ന് ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്ന ചിത്രങ്ങളിലുള്ളത്. പിന്നീട് വലിയ ദൃശ്യങ്ങൾ കാണുമ്പോൾ ചൊവ്വയിലെ വെള്ള മേഘങ്ങൾ വ്യക്തമായി കാണാം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചൊവ്വയുടെ ചുറ്റും പര്യവേഷണം ചെയ്യുന്ന കൃത്രിമോപഗ്രഹമാണ് മാർസ് എക്‌സ്‌പ്രസ്. ചൊവ്വയുടെ കാലാവസ്ഥ, ഭൂമിശാസ്‌ത്രം, അന്തരീക്ഷം എന്നിവ പഠിക്കുന്നതിന് 2003ലാണ് മാർസ് എക്‌സ്‌പ്രസ് അയച്ചത്. ഗ്രഹത്തിലെ ജീവന്റെ സാദ്ധ്യതകളെക്കുറിച്ചും ഇതിന്റെ പഠനത്തിൽ ഉൾപ്പെട്ടിരുന്നു. ഗ്രഹത്തിൽ ജലാംശം മഞ്ഞ് രൂപത്തിൽ കണ്ടെത്തുന്നതിന് ഇതിലെ റഡാർ ഉപകരണമായ മാർസിസിലൂടെ കഴിഞ്ഞിരുന്നു. 2026വരെ ചൊവ്വയിൽ പര്യവേഷണത്തിന് മാർസ് എക്‌സ്‌പ്രസ് ഉണ്ടാകും.