കാലവർഷം നാളെയെത്തും, പെയ്തത് 'ബിപോർജോയ്'
തിരുവനന്തപുരം: കാലവർഷം നാളെ എത്തുമെന്നും ഇപ്പോഴത്തെ മഴ അറബിക്കടലിൽ രൂപപ്പെട്ട 'ബിപോർജോയ്' ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലമാണെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കാലവർഷം എത്തുന്നതിന്റെ സൂചനയായി കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങി. മഴമേഘങ്ങൾക്ക് കനം കൂടിവരുന്നുണ്ടെന്നും തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു.
ശക്തമായ പടിഞ്ഞാറൻ കാറ്റ്, മാലദ്വീപ്–ലക്ഷദ്വീപ് മുതൽ കേരളതീരംവരെ സ്ഥിരതയുള്ള മേഘാവരണം, മഴനിരീക്ഷണ കേന്ദ്രങ്ങളിൽ രണ്ടുദിവസം നല്ല മഴ. ഈ ഘടകങ്ങളാണ് കാലവർഷമെത്തുന്നതിന്റെ സൂചന. ഇവയിപ്പോൾ അനുകൂലമാണ്. അറബിക്കടലിന് നടുവിലുണ്ടായ ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് ബിപോർജോയ് ചുഴലിക്കാറ്റായത്. കൂടുതൽ കരുത്തോടെ അത് വടക്കോട്ടാണ് നീങ്ങുന്നത്. നടുക്കടലിലൂടെ നീങ്ങുന്നതിനാൽ ഇന്ത്യൻതീരത്ത് അതിതീവ്ര മഴയും അതിശക്തമായ കാറ്റുമുണ്ടായില്ല. എന്നാൽ കേരളതീരം മുതൽ മുംബയ് വരെ 40കിലോമീറ്റർ വേഗതയിൽ കാറ്റും ഒന്നരമീറ്റർ പൊക്കത്തിൽ തിരകളുമുണ്ടായി. ബിപോർ ജോയ്‌യുടെ സാന്നിദ്ധ്യംമൂലമാണ് ഇന്നലെ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ പെയ്തത്. ഇന്ന് ശക്തി കുറയും.
ബിപോർ ജോയ്
സഞ്ചാര പാത
1. നിലവിൽ കറാച്ചിയിൽ നിന്ന് 1450 കിലോമീറ്റർ തെക്കുമാറി
2.145 കി.മീറ്റർ വേഗത്തിൽ ഒമാനിലോ കറാച്ചിക്കടുത്ത്
സിന്ധ് പ്രവിശ്യയിലോ എത്തിയേക്കും
3.തീരംതൊടാതെ ഞായർവരെ കടലിലൂടെതന്നെ
നീങ്ങാൻ സാദ്ധ്യത
4.അങ്ങനെയെങ്കിൽ നാശനഷ്ടങ്ങൾ കുറവായിരിക്കും
മൺസൂണിന് തടസമായത്?
ലക്ഷദ്വീപിന് മുകളിൽ ഇന്നലെ മൺസൂൺ മഴമേഘങ്ങൾ എത്തിയെങ്കിലും ബിപോർജോയ് കാരണം മുന്നേറാനാകാതെ നിൽക്കുകയായിരുന്നു. ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്ന് വടക്കോട്ട് ഗതിമാറിയതോടെ കാലവർഷം കേരളത്തിലേക്ക് നീങ്ങിത്തുടങ്ങി. 48 മണിക്കൂറിനുള്ളിൽ എത്തും. ഇന്ത്യൻ മേഖലയിൽ ഈ സീസണിൽ ഉണ്ടായ ആദ്യ ചുഴലിക്കാറ്റാണ്
ബിപോർ ജോയ്. ബംഗ്ളാദേശാണ് ഈ പേര് നൽകിയത്. ദുരന്തം ഉണ്ടാക്കുന്നത് എന്നാണ് അർത്ഥം.
കാലവർഷം
(മി. മീറ്ററിൽ)
ഇക്കൊല്ലം സാദ്ധ്യത..... 2788
2022ൽ ലഭിച്ചത്............. 2896.1
സംസ്ഥാന ശരാശരി .....2894.5