അടയുണ്ടാക്കാം ഇടനയില, ഷാജിയുടെ തോട്ടത്തിൽ വേണ്ടുവോളം!

Wednesday 07 June 2023 11:00 PM IST

അതിരപ്പിള്ളി: മൂന്നേക്കറിലെ റബ്ബർ വെട്ടിമാറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഇടന കൃഷി ചെയ്യുമ്പോൾ വെട്ടിക്കുഴി സ്വദേശി ഷാജിയുടെ ഉള്ളിൽ ആധിയായിരുന്നു. പരീക്ഷണമാകട്ടെ പ്രതീക്ഷകളെ വാനോളമുയർത്തുന്നതുമായി. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാനായതോടെ ഷാജിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് വളക്കൂറുമായി. കോട്ടാമലയോട് ചേർന്നുള്ള പച്ചക്കാട് പ്രദേശത്ത് മൂന്നേക്കർ സ്ഥലത്ത് നാലുവർഷം മുമ്പായിരുന്നു വലിയവീട്ടിൽ ഷാജി ജോസ് (52) എന്ന കുടയേറ്റ കർഷകൻ ഇടനത്തൈകൾ നട്ടുവളർത്തിയത്. തോട്ടം നിറഞ്ഞുനിന്ന റബ്ബർ മരങ്ങൾ വെട്ടിമാറ്റുമ്പോൾ നാട്ടുകാർക്ക് ആകാംക്ഷയായി. പകരം ഇടനത്തൈകൾ നടീലുമായപ്പോൾ ആളുകൾ അന്തംവിട്ടു. പരീക്ഷണം വിജയിക്കുമോ? കിളിർത്ത ഇലകളിൽ ഭൂരിഭാഗവും മ്ലാവുകൾ തീറ്റയാക്കിയപ്പോൾ നിരാശയ്ക്ക് പകരം വാശിയായി. തോട്ടത്തിനു ചുറ്റും ഫെൻസിംഗ് ഘടിപ്പിച്ച് ആ വെല്ലുവിളിയെയും നേരിട്ടു. നനയും വളമിടലും യഥാസമയം നടന്നു. അങ്ങനെ ഷാജിയുടെ കോട്ടാമലയോരത്തെ ഇടന കൃഷി സൂപ്പർ ഹിറ്റായി. ഇനി ഇലകൾ ശേഖരിച്ച് വിറ്റുതുടങ്ങാം. 80 പൈസ മുതൽ ഒരു രൂപ വരെയാണ് വില. ബേക്കറി, റിസോർട്ട് എന്നിവിടങ്ങളിൽ നിന്നായി ഓർഡറുകളും ലഭിക്കുന്നുണ്ട്.

കൃഷിയിടത്തിൽ ബുധനാഴ്ച നടന്ന വിളവെടുപ്പ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.സി. കൃഷ്ണൻ, കൃഷി ഓഫീസർ അശ്വതി ജി. പ്രസാദ്, അസി. കൃഷി ഓഫീസർ കെ.എം. ഷാജി, ടി.എ. സുനന്ദ തുടങ്ങിയവർ സന്നിഹിതരായി.

ഇടന ഇല സാധാരണ വനാന്തരത്തിൽ വളരുന്നു. ആദ്യകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ കാണാമായിരുന്നു. മരങ്ങൾക്ക് വർഷങ്ങളോളം ആയുസുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അരി പലഹാരമായ അട പുഴുങ്ങിയെടുക്കാൻ ഉപയോഗിക്കാം.