വൃദ്ധമാതാവിന് മർദ്ദനം,​ മകനും മരുമകൾക്കുമെതിരെ കേസ്

Thursday 08 June 2023 12:39 AM IST

മാന്നാർ: വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് മകന്റെയും മരുമകളുടെയും പേരിൽ കേസെടുത്തു.

മാന്നാർ കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് അർചിതം വീട്ടിൽ (കാര്യാട്ടിൽ തെക്കെതിൽ) രുഗ്മിണിഅമ്മയ്ക്കാണ് (65)മർദ്ദനത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റത്. മകൻ ഗണേഷ് കുമാർ, മരുമകൾ അർച്ചന എന്നിവർക്കെതിയാണ് മാന്നാർ പൊലീസ് കേസെടുത്തത്. രുഗ്മിണിഅമ്മയെ ഇവർ നിരന്തരം മർദിക്കുന്നതായി നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രുഗ്മിണിയമ്മയെ തലക്ക് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തുവെന്നും തലയ്ക്കും മൂക്കിനും മുറിവേറ്റതായും നാട്ടുകാർ പറയുന്നു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഇരുവരും ചേർന്ന് വെളിയിലാക്കി പൂട്ടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തിയാണ് അവർ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്,​ മകനേയും മരുമകളേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുകയായിരുന്നു.