ആകാംക്ഷയുടെ പകൽ; ഒടുവിൽ ഉറപ്പുകൾ പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

Thursday 08 June 2023 12:42 AM IST

ന്യൂഡൽഹി: 22 അക്ബർ റോഡ്. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്റെ ഔദ്യോഗിക വസതി. ഇന്നലെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം ഇവിടെയായിരുന്നു. ഗുസ്‌തി താരങ്ങളുമായി അഞ്ചുദിവസത്തിനിടെ രണ്ടാംതവണയാണ് കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. ഏറെ ആകാംക്ഷയോടെയാണ് രാജ്യത്തെ കായിക രംഗവും, മാദ്ധ്യമങ്ങളും ചർച്ചയെ നോക്കികണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ശനിയാഴ്‌ച താരങ്ങളുമായി ചർച്ച നടത്തിയിരുന്നു.

 പുലർച്ചെ 12.47 - ഗുസ്‌തിക്കാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അനുരാഗ് താക്കൂറിന്റെ ട്വീറ്റ്. താരങ്ങളെ വീണ്ടും ചർച്ചയ്‌ക്ക് ക്ഷണിച്ചുവെന്നും കൂട്ടിച്ചേർത്തു.

 ഗുസ്‌തി താരം ബജ്‌രംഗ് പുനിയയാണ് 22 അക്ബർ റോഡിൽ ആദ്യമെത്തിയത്. രാവിലെ 11.27 ഓടെ സാക്ഷി മാലികുമെത്തി. കൂടെ ഗുസ്‌തി താരം സത്യവ്രത് കദിയനും.

 ആറ് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ വൈകീട്ട് 05.44ന് താരങ്ങൾ പുറത്തേക്ക്

 ജൂൺ 15ഓടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും തുടങ്ങി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ സംബന്ധിച്ച് താരങ്ങളുടെ പ്രതികരണം. ജൂൺ 15ഓടെ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും മുന്നറിയിപ്പ്.

 പിന്നാലെ അനുരാഗ് താക്കൂർ മാധ്യമങ്ങളെ കണ്ട് ചർച്ചയുടെ വിവരങ്ങൾ പങ്കുവച്ചു. വിദേശ മാധ്യമങ്ങളടക്കം വൻ മാധ്യമപടയാണ് 22 അക്ബറിന് മുന്നിൽ കാത്തുകിടന്നത്.

Advertisement
Advertisement