കേന്ദ്രസർക്കാരിന് രാഷ്ട്രീയ ആശ്വാസം

Thursday 08 June 2023 12:43 AM IST

ന്യൂഡൽഹി : അഞ്ച് ദിവസത്തിനിടെ രണ്ടാംതവണ ഗുസ്‌തി താരങ്ങളുമായി ചർച്ച നടത്തി സമരം താൽക്കാലികമായെങ്കിലും മരവിപ്പിക്കാൻ സാധിച്ചത് കേന്ദ്രസർക്കാരിന് രാഷ്ട്രീയമായ ആശ്വാസമായി. പ്രതിഷേധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ജാട്ട് സ്വാധീനമുളള ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയമായി വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ വിവിധ സംസ്ഥാനങ്ങളിലെ ജാട്ട് ബി.ജെ.പി നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. വിഷയത്തിൽ കർഷകരുടെ പിന്തുണ വർദ്ധിക്കുന്നതും കേന്ദ്രസർക്കാർ കണക്കിലെടുത്തു.

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് സമുദായംഗങ്ങളായ ഗുസ്‌തി താരങ്ങളുടെ സമരം ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ പ്രതീക്ഷകളെ ബാധിക്കുന്ന തരത്തിൽ വളരുമോയെന്ന സംശയം നിലനിൽക്കുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി മേഖലകളിൽ ജാട്ട് സമുദായം പ്രബലമാണ്. ലോക്‌സഭാ ഫലത്തെ സ്വാധീനിക്കാനുളള ശക്തിയും ജാട്ട് സമുദായത്തിനുണ്ട്. പല സംസ്ഥാനങ്ങളിലാണെങ്കിലും സമുദായത്തിലെ കുടുംബാംഗങ്ങൾ പരസ്‌പരം ഇഴയടുപ്പത്തിലാണ് കഴിയുന്നത്.

2016ലെ ജാട്ട് സംവരണ സമരത്തിന് ശേഷം വളരെ കരുതലോട് കൂടിയാണ് സമുദായത്തെ ബി.ജെ.പി സമീപിക്കുന്നത്. അത് അങ്ങനെ തന്നെ തുടരണമെന്നാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നതും. ഗുസ്‌തി താരങ്ങളുടെ പരാതിയിൽ പരിഹാരമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നില്ലെന്ന ധാരണ വളരുന്നതും പാർട്ടിക്ക് ഗുണകരമാകില്ലെന്നും പാർട്ടി കണക്കുക്കൂട്ടുന്നു. സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന സന്ദേശം നൽകാനും, ഗുസ്‌തി താരങ്ങളുടെ പ്രശ്‌ന പരിഹാരത്തിലൂടെ ബി.ജെ.പി ഉന്നംവയ്‌ക്കുന്നുണ്ട്. ബാഹുബലി എന്ന് വിളിപേരുളള ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാക്കളുടെ ഗ്രൂപ്പിന് വേണ്ടി ബഹൻ - ബേട്ടി സുരക്ഷ അടിയറവ് വച്ചുവെന്ന പ്രചാരണവും ബി.ജെ.പി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ യു.പിയിൽ അടക്കം പരമാവധി സീറ്റുകൾ കണ്ണ് വയ്‌ക്കുമ്പോൾ. ഉത്തർപ്രദേശിൽ സ്ത്രീ സുരക്ഷ തിരഞ്ഞെടുപ്പുകളിലെ പ്രധാനവിഷയമാണ്.

Advertisement
Advertisement