സെപൊറീഷ്യ ആണവനിലയം സുരക്ഷിതം
കീവ് : യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയം നിലവിൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ( ഐ.എ.ഇ.എ ) അറിയിച്ചു. ചൊവ്വാഴ്ചയാണ് നിലയത്തിന് സമീപമുള്ള കഖോവ്‌ക ഡാം തകർന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സെപൊറീഷ്യ.
ഇവിടുത്തെ റിയാക്ടറുകളിലേക്ക് കൂളിംഗ് വാട്ടർ ആയി ഉപയോഗിച്ചിരുന്നത് നിപ്പർ നദിയിൽ സ്ഥിതി ചെയ്യുന്ന കഖോവ്‌ക ഡാമിലെ ജലമായിരുന്നു. അതേ സമയം, ഡാമിലെ റിസർവോയറിൽ ജലനിരപ്പ് താഴ്ന്ന സ്ഥിതിക്ക് ഇതിനായി മറ്റ് മാർഗങ്ങൾ ഉടൻ അവലംബിക്കേണ്ടതുണ്ടെന്ന് ഐ.എ.ഇ.എ ചൂണ്ടിക്കാട്ടി.
നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ് ആണവനിലയവും ഡാമും. ലോകം ഒരു ആണവദുരന്തത്തിന്റെ വക്കിലാണെന്ന് യുക്രെയിൻ പ്രസിഡൻഷ്യൽ വക്താവ് മൈക്കലോ പൊഡൊലൈക് കഴിഞ്ഞ ദിവസം പറഞ്ഞത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ഡാം ഭാഗികമായി തകർന്നിരുന്നു
അതേ സമയം, തകരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കഖോവ്ക ഡാമിൽ ഭാഗികമായി ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിരുന്നെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഡാമിലെ പാലത്തിനടക്കം നാശനഷ്ടം സംഭവിച്ചിരുന്നു.
എന്നാൽ ഇവ മനഃപൂർവം സൃഷ്ടിച്ചവയാണോ അതോ റഷ്യയും യുക്രെയിനും തമ്മിലെ പോരാട്ടങ്ങൾക്കിടെ സംഭവിച്ചതാണോ എന്നും വ്യക്തമല്ല. ഡാം റഷ്യ ബോധപൂർവം തകർത്തെന്നാണ് യുക്രെയിൻ ആവർത്തിക്കുന്നത്. എന്നാൽ റഷ്യ ഇത് അംഗീകരിക്കുന്നില്ല.
ഏഴ് പേരെ കാണാനില്ല
നിപ്പർ നദീതീരത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളംകയറി. 17,000 പേരെ ഇതുവരെ അപകട മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. ഇവരിൽ പലരും ചൊവ്വാഴ്ച രാത്രി മേൽക്കൂരകളിലും മരങ്ങളിലും മറ്റുമായിരുന്നു അഭയം തേടിയത്. അതേ സമയം, പ്രളയത്തെ തുടർന്ന് നോവ കഖോവ്ക മേഖലയിൽ നിന്ന് ഏഴ് പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചു.
മേഖലയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാൽ നോവ കഖോവ്ക സ്ഥിതി ചെയ്യുന്ന ഖേഴ്സൺ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടരുകയാണ്. ഇവിടെ ആയിരക്കണക്കിന് പേർ ശുദ്ധജലം പോലുമില്ലാതെ ദുരിതത്തിലാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറയുന്നു.