കഖോവ്‌ക ഡാം : യുക്രെയിനെതിരെ പുട്ടിൻ

Thursday 08 June 2023 6:31 AM IST

മോസ്കോ : യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിലെ കഖോവ്‌ക ഡാം തകർന്ന സംഭവത്തിൽ യുക്രെയിനെ കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഡാം തകർച്ച യുക്രെയിന്റെ ഭാഗത്ത് നിന്നുള്ള ക്രൂരമായ പ്രവൃത്തിയാണെന്ന് പുട്ടിൻ ആരോപിച്ചു.

തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് പുട്ടിന്റെ പ്രതികരണം. റഷ്യൻ നിയന്ത്രിത മേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. യുക്രെയിൻ പാശ്ചാത്യ രാജ്യങ്ങളുടെ നിർദ്ദേശമനുസരിച്ച് സംഘർഷങ്ങൾക്ക് ആക്കം കൂട്ടുകയാണെന്നും റഷ്യൻ പ്രദേശത്ത് അട്ടിമറിക്ക് ശ്രമിക്കുന്നതായും പുട്ടിൻ പറഞ്ഞു.

കഖോവ്‌ക ഡാം ഇതിന് ഉദാഹരണമാണെന്നും ഇതിലൂടെ വലിയ പാരിസ്ഥിതിക, മാനുഷിക ദുരന്തത്തിലേക്ക് വഴിവച്ചെന്നും പുട്ടിൻ ആരോപിച്ചു. ഡാം തകർത്തത് റഷ്യയാണെന്ന് യുക്രെയിനും യൂറോപ്യൻ യൂണിയനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.