കാറിന്റെ സ്പീഡ് കൂടിയതിന് പിഴ ഒരു കോടിരൂപ:‌ ഈ രാജ്യം പിന്തു‌ടരുന്നത് ലോകത്തിന് മാതൃകയാക്കാവുന്ന ട്രാഫിക് നിയമങ്ങൾ

Thursday 08 June 2023 11:21 AM IST

ഹെൽസിങ്കി : അമിത വേഗത്തിൽ കാറോടിച്ചതിന് കോടീശ്വരനിൽ നിന്ന് 1,​21,​000 യൂറോ ( ഏകദേശം 1,07,01,890 രൂപ )​ പിഴ ഈടാക്കി ഫിൻലൻഡ് അധികൃതർ. ഇവിടെ ഗതാഗത നിയമ ലംഘനങ്ങൾക്ക് നിയമം ലംഘിക്കുന്നയാളുടെ വരുമാനമനുസരിച്ചാണ് പിഴ ഈടാക്കുന്നത്.

മണിക്കൂറിൽ 50 കിലോമീറ്റർ മാത്രം വേഗത അനുവദനീയമായ മേഖലയിൽ മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിൽ കാറോടിച്ച ആൻഡേഴ്സ് വിക്‌ലോഫ് എന്ന കോടീശ്വരനാണ് അധികൃതർ ഭീമൻ തുക പിഴയായി അടയ്ക്കാൻ വിധിച്ചത്. ബാൾട്ടിക് കടലിലുള്ള, ആലൻഡ് ദ്വീപിലാണ് സംഭവം. ഫിന്നിഷ് സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്. നിയമലംഘനം നടത്തിയതിൽ താൻ ഖേദിക്കുന്നതായി ആൻഡേഴ്സ് പറയുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തിന്റെ ലൈസൻസും റദ്ദാക്കി.

ഇതിന് മുമ്പും ഗതാഗത നിയമ ലംഘനത്തിന് ആൻഡേഴ്സിന് ഭീമൻ തുക പിഴ അടയ്‌ക്കേണ്ടിവന്നിട്ടുണ്ട്. 2018ൽ 63,680 യൂറോയും ( 56,31,472 രൂപ )​ അതിന് അഞ്ച് വർഷം മുമ്പ് 95,000 യൂറോയും ( 83,88,690 രൂപ ) പിഴ ചുമത്തപ്പെട്ടിരുന്നു. ലോജിസ്റ്റിക്സ്, ഹെലികോപ്റ്റർ സർവീസ്, റിയൽ എസ്റ്റേറ്റ്, ടൂറിസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായി ആണ് ആൻഡേഴ്സ്.

Advertisement
Advertisement