പാർട്ടി ഫണ്ടിൽ തിരിമറി, ബാങ്കുകളിൽ നിന്ന് വൻതുക വകമാറ്റി; പി കെ ശശിയോട് വിശദീകരണം തേടും

Thursday 08 June 2023 11:36 AM IST

പാലക്കാട്: പാ‌ർട്ടി ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയോട് സി പി എം വിശദീകരണം തേടും. ശശിയുടെ വിശദീകരണം ലഭിച്ചതിനുശേഷമായിരിക്കും നടപടിയെടുക്കുക. ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളിൽ അന്വേഷണം നടത്തിയത്. മണ്ണാർക്കാട്, ചെർപ്പുളശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് കൂടുതലും പരാതി ഉയർന്നത്. പാർട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമാണ ഫണ്ടിൽ കൈകടത്തിയെന്നുമാണ് പരാതി.

പി കെ ശശി, വികെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നീ നേതാക്കളുമായി ബന്ധപ്പെട്ട് വിഭാഗതീയത സംബന്ധിച്ച വിമർശനം ഉയരുന്നതിനിടെയാണ് ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നത്. വിഭാഗീയത സംബന്ധിച്ച് മൂവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. വിഭാഗീയത ചർച്ച ചെയ്യുന്നതിനായി ചേർന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പി കെ ശശിയും വി കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്നാണ് വിമർശനം.