ഇരിട്ടിയിലെ ഒരു വീട്ടിലെത്തിയ മൊയ്‌തീനും ജിഷയും ചില കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു, ആവശ്യപ്പെട്ടതെല്ലാം ചെയ‌്തുകൊടുത്ത വീട്ടുകാർ ഭയം കാരണം പുറത്തുപറഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

Thursday 08 June 2023 2:18 PM IST

ഇരിട്ടി: പൊലീസിനെ വെല്ലുവിളിച്ച് മാവോയിസ്റ്റ് സംഘം വീണ്ടും അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോടിലെ വീടുകളിൽ എത്തി. കരിക്കോട്ടകരിക്ക് അടുത്ത വാളത്തോട്ടിലെ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കാട്ടൂപറമ്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരെവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലാണ് സി.പി. മൊയ്‌തീൻ, ജിഷ എന്നിവർ അടങ്ങുന്ന ആയുധ ധാരികളായ അഞ്ചംഗ സംഘം എത്തിയത്.

വൈകുന്നേരം ഏകദേശം 7 മണിയോടെ വീടുകളിൽ എത്തിയ സംഘം രാത്രി 11 മണിയോടെ ആണ് തിരികെ പോയത്. തങ്ങൾ മാവോയിസ്റ്റുകൾ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ വീടുകളിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പവർ ബാങ്ക് ചാർജ്ജ് ചെയ്യുകയും അരി, പഞ്ചസാര, ചായപ്പൊടി, ഉള്ളി, കാന്താരി മുളക്, ടിഫിൻ ബോക്സ്‌ എന്നിവ വാങ്ങി തിരിച്ചുപോയതായും വീട്ടുകാർ പറഞ്ഞു. തങ്ങൾ മാവോയിസ്റ്റുകൾ ആണെന്നും വന്ന വിവരം ആരോടും പറയരുതെന്നും ഇവർ നിർദ്ദേശിച്ചതായും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ മേയ് 31 ന് ആണ് സംഘം എത്തിയത്. ഭയം മൂലം വീട്ടുകാർ വിവരം മറച്ചുവെക്കുകയുമായിരുന്നു.

അയ്യൻകുന്നിൽ ഇത് അഞ്ചാംതവണ

അയ്യൻകുന്ന് പഞ്ചായത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് . വനാതിർത്തിയോട് ചേർന്ന മേഖലയായ വാളത്തോട് പ്രദേശങ്ങളിൽ വനത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതായി സംശയിക്കുന്നതായി തദ്ദേശവാസികൾ പറഞ്ഞു. മുൻപ് ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന ആദിവാസികൾ ഉപേക്ഷിച്ച വീടുകൾ ഒരുപക്ഷേ ഇപ്പോൾ ഇവരുടെ താവളങ്ങൾ ആയിരിക്കുമെന്നും ഇവർ സംശയം പ്രകടിപ്പിച്ചു. ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സാന്നിദ്ധ്യം ശക്തമാക്കാൻ നീക്കം?​

ഏറ്റുമുട്ടലും അറസ്റ്റും നേതാക്കളെ നഷ്ടമാകുന്നതും പതിവായതിനെ തുടർന്ന് നാളുകളായി ഒതുങ്ങുകഴിയുകയായിരുന്ന സി.പി.ഐ മാവോയിസ്റ്റ് പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തകരുടെ സന്ദർശനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

നാടുകാണി, കബനി ദളങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘങ്ങളിലെ മലയാളികളായ മലപ്പുറം സ്വദേശി സി.പി.മൊയ്തീനും വയനാട് സ്വദേശിനി ജിഷയുമാണ് അയ്യൻകുന്നിൽ സന്ദർശനം നടത്തിയത്.