കല്യാണം കഴിഞ്ഞപ്പോൾ താലികെട്ടിന്റെ വീഡിയോയും ഫോട്ടാേയും ഇല്ല, പരാതിയുമായി വരൻ, ഒടുവിൽ സംഭവിച്ചത്
ബംഗളൂരു:താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർ വരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറാണ് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയില്ലെന്നും പകർത്തിയവ യഥാസമയം നൽകിയില്ലെന്നും കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ.
2019 നവംബർ ഒമ്പതിനായിരുന്നു നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു. 1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ് ഒപ്പുവച്ചത്. വിവാഹത്തിന് മുമ്പുള്ള എല്ലാ ചടങ്ങുകളും ഭംഗിയായി പകർത്തിയ രാഹുൽ അവയെല്ലാം നിതിന് കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും താലികെട്ടുൾപ്പടെ ഒരു ചിത്രവും നൽകാൻ അയാൾ തയ്യാറായില്ല.
വീണ്ടും ആവശ്യപ്പെട്ടതോടെ 2020 മാർച്ചിൽ കുറച്ച് സാമ്പിളുകൾ നിതിന് രാഹുൽ അയച്ചുകൊടുത്തു. എന്നാൽ മുഹൂർത്തസമയത്തെ ചിത്രങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യം പറയാൻ രാഹുലിനെ പലതവണ വിളിച്ചെങ്കിലും അയാൾ പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ 2021 ജനുവരിയിൽ മുഹൂർത്ത വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും രാഹുൽ നിതിനെ അറിയിച്ചു.
ആകെ തകർന്നുപോയ നിതിൻ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ചെയ്തു. നിതിനും ഭാര്യയും അവരുടെ ബന്ധുക്കളും സമയത്ത് എത്താത്തതുകൊണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നത് വൈകിയെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എല്ലാ ചിത്രങ്ങളും വീഡിയോയും പരാതിക്കാരന് നൽകി. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് മുഹൂർത്ത വീഡിയോ കാണാനില്ലെന്നുപറഞ്ഞ് നിതിൻ ഫോട്ടോഗ്രാഫറെ സമീപിച്ചു. ഉടൻതന്നെ രാഹുൽ തന്റെ ഡാറ്റാബേസിൽ നിന്ന് അത് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത് വ്യക്തമാതോടെ ക്ലയന്റിന് നഷ്ടപരിഹാരവും വാഗ്‌ദാനം ചെയ്തു എന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതെല്ലാം തള്ളിക്കളഞ്ഞ കോടതി ഫോട്ടോഗ്രാഫറുടെ സേവനത്തിൽ പോരായ്മകൾ ഉണ്ടെന്നും കണ്ടെത്തി. തുടർന്നാണ് കോടതിചെലവുകൾക്കുള്ള പലിശസഹിതം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.