വിദ്യക്ക് വീണ്ടും തിരിച്ചടി,​ പിഎച്ച് ഡി പ്രവേശനം കാലടി സർവകലാശാല പുനഃപരിശോധിക്കും,​  സംവരണ അട്ടിമറി ഉൾപ്പെടെ   കണ്ടെത്താൻ പരിശോധന

Thursday 08 June 2023 6:52 PM IST

പാലക്കാട് : ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചതിന് പിടിക്കപ്പെട്ട മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്. ഡി പ്രവേശനവും വിവാദത്തിൽ. വിദ്യയുടെ പിഎച്ച്. ഡി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുനഃപരിശോധിക്കുമെന്ന് കാലടി സർവകലാശാല അറിയിച്ചു. സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.

വിദ്യ ഉൾപ്പെട്ട പിഎച്ച്, ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉൾപ്പെടെ കമ്മിറ്റി പരിശോധിക്കും, പിഎച്ച്. ഡി പ്രവേശനത്തിനായി വിദ്യയെ സർവകലാശാല വഴി വിട്ട് സഹായിച്ചെന്നും എസ്.സി, എസ് .ടി സംവരണ അട്ടിമറിച്ചാണ് പ്രവേശനം നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ വിദ്യക്ക് അനുകൂലമായ നിലപാടായിരുന്നു സ‌ർവകലാശാല സ്വീകരിച്ചിരുന്നത്. വ്യാജരേഖ സംഭവം വിവാദമായ സാഹചര്യത്തിലാണ് സർവകലാശാല പിഎച്ച്.ഡി പ്രവേശനവും പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.