ആണവായുധ വാഹകശേഷി, 2000 കിലോ മീറ്റർ വരെ സഞ്ചരിക്കും, അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ സേനയുടെ ഭാഗമാകും
ന്യൂഡൽഹി: ഇന്ത്യ നിർമ്മിച്ച അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ 'അഗ്നി പ്രൈം' ഉടൻ സേനയിൽ വിന്ന്യസിക്കും. ബുധനാഴ്ച രാത്രി ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നടത്തിയ രാത്രി പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെയാണിത്. സേനയിൽ വിന്ന്യസിക്കും മുൻപുള്ള ആദ്യ രാത്രി പരീക്ഷണം മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും തെളിയിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു.
രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
കടലിൽ നിറുത്തിയിട്ട രണ്ടു കപ്പലുകളിൽ സ്ഥാപിച്ച റഡാർ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സംവിധാനങ്ങൾ വഴി മിസൈലിന്റെ സഞ്ചാര പാതയും നിന്ന് നിരീക്ഷിച്ചിരുന്നു. ഡി.ആർ.ഡി.ഒയിലെയും സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഇതിന് മുൻപ് നടന്ന മൂന്ന് പരീക്ഷണങ്ങളും മിസൈലിന്റെ കൃത്യത തെളിയിച്ചിരുന്നു. ന്യൂ ജനറേഷൻ ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി നടത്തിയതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും അഭിനന്ദിച്ചു.
മിസൈലിന്റെ ഗവേഷണത്തിൽ പങ്കാളിയായ ശാസ്ത്രഞ്ജർ അടക്കമുള്ളവരെ ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ സമീർ വി കാമത്തും അഭിനന്ദിച്ചു.