കൈക്കൂലി ഓഫീസിൽ വേണ്ട ഹോട്ടലിൽ എത്തിക്കണം; വലവിരിച്ച് വിജിലൻസ്, സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

Thursday 08 June 2023 9:34 PM IST

കൊച്ചി: കൈക്കൂലി കൈപറ്റിയതിന് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എറണാകുളം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയറായ അബ്ദുൾ ജബ്ബാറാണ് വിജിലൻസിന്റെ പിടിയിലായത്. അബ്ദുൾ ജബ്ബാർ സേവനത്തിനായി കൈക്കൂലി ആവശ്യപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഓപ്പറേഷൻ. ഹോട്ടലിലെത്തി പരാതിക്കാരനിൽ കൈക്കൂലി വാങ്ങിയ ഇയാളെ സമീപത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

പാലക്കുഴ സ്വദേശിയുടെ വീട് നിർമാണത്തിനായി താത്ക്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് അബ്ദുൾ ജബ്ബാർ 3,000 രൂപ ആവശ്യപ്പെട്ടത്. കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയ പരാതിക്കാരനോട് ഹോട്ടലിൽ പണമെത്തിക്കാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. പിന്നാലെ തന്നെ പരാതിക്കാരൻ വിജിലൻസിനെ കാര്യം ബോധിപ്പിച്ചു. വിജിലൻസ് സംഘം കൈമാറിയ പണവുമായി ഇയാൾ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഹോട്ടലിലെത്തി. വിജിലൻസ് സംഘവും തൊട്ടടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. ഹോട്ടലിലേയ്ക്കെത്തി പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ അബ്ദുൾ ജബാറിനെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു.

കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടിയ ഒന്നിലധികം സംഭവങ്ങൾ കഴി‌ഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൈക്കൂലി വാങ്ങൽ തടയാനായി വിപുലമായ പരിശോധനകളും തുടർനടപടികളും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചിരുന്നു. ഇതിനിടയിലാണ് മറ്റൊരു ഉദ്യോഗസ്ഥൻ കൂടി വിജിലൻസ് പിടിയിലാകുന്നത്.