50 പുതിയ മെഡി. കോളേജുകൾ, കേരളത്തിനില്ല

Friday 09 June 2023 4:00 AM IST

ന്യൂഡൽഹി: രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകി. കേരളത്തിൽ പുതിയ കോളേജുകളില്ല. പുതിയ മെഡിക്കൽ കോളേജുകൾ വഴി 8,195 എം.ബി.ബി.എസ് സീറ്റുകൾ കൂടി ലഭിക്കും. ഇതോടെ രാജ്യത്തെ ആകെ എം.ബി.ബി.എസ് സീറ്റ് 1,07,658 ആകും.

പുതിയ കോളേജുകളിൽ 30 എണ്ണം സർക്കാർ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്. സ്വകാര്യ മേഖലയിലെ 14എണ്ണം ട്രസ്റ്റുകൾക്ക് കീഴിലാണ് തുടങ്ങുക. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലാണ് കൂടുതൽ കോളേജുകൾ: 13.

രാജസ്ഥാൻ, തമിഴ്‌നാട്, ഒഡീഷ, നാഗാലാൻഡ്, മഹാരാഷ്ട്ര, അസം, കർണാടക, ഗുജറാത്ത്, ഹരിയാന, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ബാക്കി കോളേജുകൾ അനുവദിച്ചത്.