അഫ്ഗാനിൽ ബോംബാക്രമണം : 15 മരണം

Friday 09 June 2023 6:23 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 11 മണിക്ക് ബദാഖ്‌ഷൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിലെ നബാവി പള്ളിയ്ക്കുള്ളിലായിരുന്നു സംഭവം. ചൊവ്വാഴ്ച ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട താലിബാന്റെ ആക്ടിംഗ് പ്രവിശ്യാ ഗവർണറായിരുന്ന നിസാർ അഹ്‌മ്മദ് അഹ്‌മ്മദിയുടെ സംസ്കാരച്ചടങ്ങ് നടക്കവെയാണ് ഇവിടെ സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ താലിബാന്റെ പ്രാദേശിക നേതാക്കളുണ്ടെന്നാണ് വിവരം. അഹ്‌മ്മദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ചാവേർ അഹ്‌മ്മദി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഹ്‌മ്മദിയുടെ ഡ്രൈവറും സ്ഫോടനത്തിൽ മരിച്ചിരുന്നു.