ഇക്വറ്റോറിയൽ ഗിനിയിൽ മാർബർഗ് ഭീതി ഒഴിഞ്ഞു

Friday 09 June 2023 6:27 AM IST

മലാബോ : മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ നാല് മാസങ്ങൾ മുമ്പ് ആരംഭിച്ച അതീവ അപകടകാരിയായ മാർബർഗ് വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ )​ അറിയിച്ചു. ഇതുവരെ 35 പേർ രാജ്യത്ത് മാർബർഗ് രോഗം ബാധിച്ച് മരിച്ചെന്ന് കരുതുന്നു. ഇവരിൽ എല്ലാവരിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ടാൻസാനിയയിൽ മാർബർഗ് വ്യാപനം അവസാനിച്ചെന്ന് ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 42 ദിവസമായി ഇക്വറ്റോറിയൽ ഗിനിയിൽ മാർബർഗ് ബാധ സംശയിക്കുന്ന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടു. ഫെബ്രുവരി 13ന് കീഎൻറ്റം പ്രവിശ്യയിൽ ഒമ്പതോളം പേർ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്ത് മാർബർഗ് വ്യാപനം കണ്ടെത്തിയത്.

ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം ലക്ഷണങ്ങളുള്ള 17 പേരുടെ സാമ്പിൾ ഫലമാണ് ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിക്കാനായത്. 12 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് മരിച്ച മറ്റ് 23 പേരിലും മാർബർഗ് ബാധിച്ചിരുന്നിരിക്കാമെന്നാണ് നിഗമനം. രാജ്യത്തെ എട്ട് പ്രവിശ്യകളിലാണ് കേസുകൾ കണ്ടെത്തിയത്. അതേ സമയം,​ ആഫ്രിക്കൻ രാജ്യങ്ങളിൽ മാർബർഗ് വൈറസിന്റെ ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

2004 - 2005 കാലയളവിൽ അംഗോളയിൽ മാർബർഗ് വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു.

അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്പ് മാർബർഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

Advertisement
Advertisement