മൂന്ന് വർഷത്തിനിടെ വീട്ടിൽ നടന്നത് മൂന്ന് അസ്വാഭാവിക മരണങ്ങൾ, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നക്ഷത്ര മുത്തച്ഛനെ വിളിച്ചു; മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രതി

Friday 09 June 2023 7:13 AM IST

മാവേലിക്കര: ആറുവയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മാവേലിക്കര നിവാസികൾ മോചിതമായിട്ടില്ല . പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് പിതാവ് ശ്രീമഹേഷിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും മഹേഷിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.

മകളുടെ കഴുത്തറുത്ത സിറ്റ് ഔട്ടിൽ രക്തം തളംകെട്ടി കിടക്കുന്നിടത്തേക്ക് ചൂണ്ടിക്കാണിക്കുമ്പോഴും കൈകൾ വിറച്ചില്ല. സംസാരം ഇടറിയില്ല. വീടിനുള്ളിൽ കയറിയ ശേഷം മുറികൾക്കുള്ളിലും നക്ഷത്ര കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും ഇയാളെ എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പും ഫോറൻസിക് പരിശോധനയും ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാൽ വരെ നീണ്ടു.

ശ്രീമഹേഷിനെ ഇന്നലെ ഉച്ചക്ക് 1.40 നാണ് കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

മൂന്ന് വർഷത്തിനിടെ മൂന്ന് മരണം

ശ്രീമഹേഷിന്റെ ആനക്കൂട്ടിൽ വീട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങൾ. മൂന്നും അസ്വാഭാവിക മരണങ്ങളാണ്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തു. പിന്നീട് ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇപ്പോൾ നക്ഷത്രയും. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിന്‍ തട്ടി മരിച്ചതറിഞ്ഞാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ശ്രീമഹേഷ് മറ്റ് ജോലിക്കായി ശ്രമിച്ചിരുന്നില്ല.

തൊട്ടുമുമ്പ് ഫോൺ വിളി

നക്ഷത്ര വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

വിവാഹം മുടങ്ങി, അസ്വസ്ഥനായി

നക്ഷത്രയുടെ അമ്മ വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിളുമായി പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി.

എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് പിന്തുടർന്ന് ശല്യം ചെയ്തപ്പോൾ ഇവർ മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു.

കരുതലോടെ പൊലീസ്

മകളെ അരുംകൊല ചെയ്ത പിതാവിനോടുള്ള പ്രതിഷേധം ആനക്കൂട്ടിൽ വീടിന് മുന്നിൽ ഇന്നലെ ആർത്തിരമ്പി. വൻ ജനാവലിയാണ് വീടിന് ചുറ്റും റോഡിലും പ്രതിയെ കൊണ്ടുവരുനന്തും കാത്തു നിന്നത്. മഹേഷിനെ കൊണ്ടു വന്നപ്പോൾ മുതൽ തിരികെ കൊണ്ടു പോകും വരെ ജനക്കൂട്ടം ആക്രോശിച്ചു കൊണ്ടിരുന്നു. തെളിവെടുപ്പിനിടെ വീടിന്റെ മതിലിനു വെളിയിലും റോഡിലും ജനക്കൂട്ടത്തിന്റെ പ്രതിഷേധം തുടർന്നു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.