മാർക്ക്‌ ലിസ്‌റ്റ് വിവാദം; സർവകലാശാലകളിലെ അട്ടിമറികൾ ആദ്യത്തെ സംഭവമല്ല, മുൻപ് കെ എസ്‌ യു നേതാക്കളെങ്കിൽ ഇപ്പോൾ എസ്‌എഫ്‌ഐയെന്നേയുള്ളുവെന്ന് കാനം രാജേന്ദ്രൻ

Friday 09 June 2023 1:26 PM IST

തിരുവനന്തപുരം: മഹാരാജാസ് മാർക്ക് ലിസ്‌റ്റ്, വ്യാജരേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്‌ എഫ്‌ഐയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അട്ടിമറികൾ സർവകലാശാലകളിൽ എല്ലാക്കാലത്തുമുണ്ടായിരുന്നതായും ഇത് ആദ്യത്തെ സംഭവമല്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. 1970കളിൽ ഒരു കെ‌ എസ്‌‌ യു നേതാവിനെ കോപ്പിയടിച്ച് പിടിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച കാനം അന്ന് കെ എസ് യുവെങ്കിൽ ഇന്ന് എസ് എഫ് ഐ എന്നേയുള്ളുവെന്ന് അഭിപ്രായപ്പെട്ടു. സ്വയംഭരണമുള്ള കോളേജുകളാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം പ്രതിച്ഛായ വിവാദത്തിൽ അത് ആപേക്ഷികമാണെന്നാണ് കാനം അഭിപ്രായപ്പെട്ടത്. സർക്കാരിനെ നയിക്കുന്നത് ഒരാൾ മാത്രമല്ലെന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഗാട്ടാഗുസ്‌തി നടക്കുന്നില്ലല്ലോ എന്നും കാനം ചോദിച്ചു. സോളാർ സമരത്തെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ ആത്മകഥയിൽ പറഞ്ഞത് വിപണന തന്ത്രം മാത്രമാണെന്നാണ് കാനം പ്രതികരിച്ചത്. സോളാർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്‌ട്രീയ ധാരണ ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരുമായി ഇടതുമുന്നണിയുണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടറിയേറ്റ് വളയൽ സമരം എൽ‌ഡിഎഫ് ഒത്തുതീർപ്പാക്കിയതെന്നാണ് 'കനൽ വഴികളിലൂടെ' എന്ന് ആത്മകഥയിൽ സി.ദിവാകരൻ സൂചിപ്പിച്ചിരുന്നത്.