കാനഡ കാട്ടുതീ:ക്യൂബെക്കിൽ 14,000 പേരെ ഒഴിപ്പിച്ചു
ന്യൂയോർക്ക്: കാനഡയിൽ നാനൂറിലേറെ ഇടങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിൽ ഗുരുതരമായി തുടരുന്നതിനിടെ ക്യൂബെക്ക് പ്രദേശത്ത് നിന്ന് 14,000 പേരെ ഒഴിപ്പിച്ചു. കനത്ത പുക നിറയുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഫിലാഡൽഫിയ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത പുകയാണ് ഇപ്പോഴും. നിലവിൽ 426 കാട്ടുതീകളാണ് സജീവമായുള്ളത്. അതിൽ 232 എണ്ണം നിയന്ത്രണ വിധേയമല്ല. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തീപിടിത്തം കുറയ്ക്കാൻ കഴിയുന്നില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ മറ്റ് രാജ്യങ്ങളും ശ്രമിച്ചുവരുന്നു. 600ലധികം യു.എസ് അഗ്നിശമന സേനാംഗങ്ങൾ സജ്ജരാണ്. ഭീമൻ കെട്ടിടങ്ങളുൾപ്പെടെ ഇപ്പോഴും പുകയിൽ മൂടിയ നിലയിലാണ്. ആരോഗ്യ പ്രശ്നങ്ങളൊഴിവാക്കാൻ എൻ 95 മാസ്ക് ധരിക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.