അരക്കോടിയുടെ ലഹരിമരുന്ന് ശേഖരവുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Saturday 10 June 2023 1:34 AM IST

വിഴിഞ്ഞം: അരക്കോടിയുടെ എം.ഡി.എം.എയുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് യുവാക്കളെ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരത്ത് പിടികൂടുന്ന ഏറ്റവും കൂടുതൽ എം.ഡി.എം.എ ശേഖരമാണിത്. മൂന്നംഗ സംഘത്തിലെ എറണാകുളം സ്വദേശി ടോണിൻ ടോമിയിൽ (29) നിന്നാണ് 250 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ഇയാൾക്കൊപ്പം പുതിയതുറ സ്വദേശികളായ സാജൻ (32), എബി(27) എന്നിവരും പിടിയിലായി. ഇവരിൽ നിന്ന് 3.3 ഗ്രാം, 5.8 ഗ്രാം വീതം എം.ഡി.എം.എയും പിടിച്ചെടുത്തു.

കച്ചവടം ചെയ്യുന്നതിനിടെ വിഴിഞ്ഞം ചൊവ്വര പോസ്റ്റോഫിസിനു മുന്നിൽ നിന്ന് സാജനാണ് ആദ്യം പിടിയിലായത്. എബിയെ ആഴിമലയിൽ നിന്നും ടോമിയെ പുതിയതുറയിൽ എബിയുടെ വീട്ടിന് സമീപത്തുനിന്നുമാണ് എക്സൈസ് അറസ്റ്റുചെയ്‌തത്. ടോമി എറണാകുളം കാലടി സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലുൾപ്പെടെ ഒമ്പത് കേസുകളിൽ പ്രതിയാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന രണ്ടുകാറുകളും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാജനെ പിടികൂടാനുളള ശ്രമത്തിനിടെ ഇയാൾ കാറുപയോഗിച്ച് എക്സൈസ് സംഘത്തെ ഇടിച്ചുവീഴ്‌ത്താൻ ശ്രമിച്ചു.

ഉന്നത ഉദ്യോഗസ്ഥ സംഘം മറ്റൊരു കാറിലും വേറൊരു സംഘം ബൈക്കിലുമാണ് ഇവരെ പിടികൂടാനെത്തിയത്. പിടിയിലായ പ്രതികളെ ഉന്നത എക്സൈസ് സംഘം ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ എക്സൈസ് ഓപ്പറേഷൻ ഇന്നലെ പുലർച്ചെ വരെ നീണ്ടു. കൊലപാതകക്കേസിൽ ഒളിവിൽ പോയ ടോണി ഏതാനും മാസങ്ങളായി പുതിയതുറയിൽ കൂട്ടുപ്രതി എബിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ലഹരി ഇടപാടിൽ ഡൽഹി കൂടാതെ ടോണിക്ക് വിദേശബന്ധമുണ്ടെന്നും എക്സൈസ് അധികൃതർക്ക് സൂചന കിട്ടിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഒരുമാസം നീണ്ട നിരന്തര നിരീക്ഷണങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്തത് റെന്റ് എ കാറുകളാണെന്നും ഇതിന്റെ ഉടമകൾക്കും ഈ സംഘത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെയും ചോദ്യം ചെയ്യും. സജൻ കാഞ്ഞിരംകുളത്തുൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ്.

സി.ഐ ബി.എൽ. ഷിബുവിനെ കുടാതെ പ്രിവന്റീവ് ഓഫീസർ എം.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് സുരേഷ്, എം.വി. പ്രബോധ്, എം.നന്ദകുമാർ, എസ്.സുരേഷ്ബാബു,വനിതാ എക്സൈസ് സിവിൽ ഓഫീസർ എസ്.ഗീതാകുമാരി, എസ്.അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായ പ്രജീഷ് ശശി, അജിചന്ദ്രൻനായർ എന്നിവരുമെത്തിയിരുന്നു.