ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
വർക്കല: ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെട്ടൂർ അയന്തി പന്തുവിള ഉത്രം വീട്ടിൽ കാക്കലാൽ എന്ന് വിളിക്കുന്ന ആദർശ് (33) അറസ്റ്റിലായി. ഇക്കഴിഞ്ഞ 8ന് വൈകിട്ട് നാലരയോടെ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. ചെറുന്നിയൂർ മുടിയക്കോട് പ്ലാവിള വീട്ടിൽ രാജേഷിനെയാണ് (35) ഇയാൾ ആക്രമിച്ചത്. ആദർശ് സഞ്ചരിച്ചിരുന്ന ബൈക്കിന് കടന്നുപോകാൻ സൈഡ് കൊടുക്കാത്തതിനാൽ തന്റെ ബൈക്ക് തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് രാജേഷ് പൊലീസിന് നൽകിയ മൊഴി. ബൈക്കിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ആദർശ്, രാജേഷിന്റെ കഴുത്തിന് നേരെ വെട്ടുകയും ഒഴിഞ്ഞുമാറിയ ഇയാളുടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം അതുവഴി കടന്നുപോയ രാജേഷിന്റെ സഹോദരൻ പിടിച്ചു മാറ്റാൻ എത്തിയതിനെ തുടർന്ന് ഇയാളെയും ആദർശ് മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.