കാനഡ കാട്ടുതീ പുക നോർവെയിലും
ഓസ്‌ലോ : വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ലക്ഷക്കണക്കിന് പേരെ ബാധിച്ച കാനഡയിൽ നിന്നുള്ള കാട്ടുതീ പുക ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള നോർവെയിലുമെത്തി. നോർവീജിയൻ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യമറിയിച്ചത്.
തെക്കൻ നോർവെയിലെ അന്തരീക്ഷത്തിൽ വളരെ നേരിയ തോതിലാണ് പുകയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കാട്ടുതീയുടെ തീവ്രത, കാറ്റിന്റെ ദിശ എന്നിവയ്ക്കനുസരിച്ച് ഇതിൽ നേരിയ വ്യതിയാനം പ്രകടമാകുന്നുണ്ട്. എന്നിരുന്നാലും കനേഡിയൻ കാട്ടുതീ പുക നിലവിൽ നോർവെയിൽ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
വിമാനങ്ങൾ വൈകും
അതേ സമയം, യു.എസിൽ കനേഡിയൻ കാട്ടുതീ പുക കാഴ്ച മറയ്ക്കുന്നതിനാൽ ന്യൂയോർക്ക് സിറ്റിയിലേക്കും ഫിലാഡെൽഫിയയിലേക്കുമുള്ള വിമാനങ്ങൾ വൈകുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
വാഷിംഗ്ടൺ, ഷാർലറ്റ്, നോർത്ത് കാരലൈന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും വൈകാനിടയുണ്ട്. സമീപകാലത്ത് യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വായു മലിനീകരണമാണ് കാട്ടുതീ പുക സൃഷ്ടിക്കുന്നത്.