അനക് ക്രാകത്തോവയിൽ സ്ഫോടനം

Saturday 10 June 2023 6:30 AM IST

ജക്കാർത്ത : ഇൻഡോനേഷ്യൻ തീരത്തെ അനക് ക്രാകത്തോവ അഗ്നിപർവതത്തിൽ പൊട്ടിത്തെറി. പർവതത്തിന് നിന്ന് 3 കിലോമീറ്റർ ഉയരത്തിൽ ആകാശത്തേക്ക് ചാരം വമിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ദ്വീപുകളിലൊന്നും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.16നാണ് സ്ഫോടനമുണ്ടായത്.

അഗ്നിപർവതത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആളുകൾ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. അനക് ക്രാകത്തോവയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത സ്ഥിതി ചെയ്യുന്നത്. 2018ലും 2020ലും അനക് ക്രാകത്തോവയിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായിരുന്നു.

2018 ഡിസംബറിലുണ്ടായ പൊട്ടിത്തെറിയിൽ അനക് ക്രാകത്തോവയുടെ ഉയരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടമായിരുന്നു. 400ലേറെ പേരുടെ മരണത്തിനിടയാക്കിയ സുനാമിയും പിന്നാലെ എത്തി. കഴിഞ്ഞ വർഷവും ചെറിയ തോതിൽ പൊട്ടിത്തെറിയുണ്ടായെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കടന്നുപോയി.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യ. ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇൻഡോനേഷ്യയിലുള്ളത്.

 അനക് : ക്രാകത്തോവയുടെ കുഞ്ഞ് !

ഇൻഡോനേഷ്യയിലെ സുന്ദാ സ്ട്രെയ്റ്റിലാണ് അനക് ക്രാകത്തോവ. നിലവിൽ 500 അടിയിലേറെ ഉയരമുണ്ട്. ഉയരം കുറവാണെങ്കിലും അപകടകാരിയാണ് അനക് ക്രാകത്തോവ. അനക് ക്രാകത്തോവ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. പ്രശസ്തമായ ' ക്രാകത്തോവ ' അഗ്നിപർവതത്തിൽ നിന്നാണ് അനക് ക്രാകത്തോവ രൂപപ്പെട്ടത്. ലോകചരിത്രത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട അഗ്നിപർവത സ്ഫോടനങ്ങളിലൊന്നാണ് 1883ൽ ക്രാകത്തോവയിലുണ്ടായ പൊട്ടിത്തെറി.

അന്നത്തെ പൊട്ടിത്തെറിയുടെ ഫലമായി ക്രാകത്തോവയുടെ തൊട്ടടുത്ത് രൂപപ്പെട്ടതാണ് 'അനക് ക്രാകത്തോവ' . 1928ലാണ് ക്രാകത്തോവയിൽ പുതിയ ഒരു അഗ്നി പർവതം രൂപപ്പെടാൻ തുടങ്ങിയത്. 'ക്രാകത്തോവയുടെ കുഞ്ഞ് ' എന്നാണ് അനക് ക്രാകത്തോവയുടെ അർത്ഥം. ക്രാകത്തോവയിൽ പിന്നീട് സ്ഫോടനമുണ്ടായിട്ടില്ല. ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിനെക്കാൾ 13,000 മടങ്ങ് ശക്തിയിൽ പൊട്ടിത്തെറിക്കാൻ ശേഷിയുള്ളതാണ് ക്രാകത്തോവ.

1883ൽ ക്രാകത്തോവയിലുണ്ടായ സ്ഫോടനം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമാണ്. 36,000 ത്തിലേറെ മനുഷ്യർക്കാണ് അന്ന് ജീവൻ നഷ്ടമായത്. പൊട്ടിത്തെറിയ്ക്ക് ശേഷം ലോകത്തെ കാലവസ്ഥ തന്നെ ക്രാകത്തോവ തകിടം മറിച്ചിരുന്നു. 1980ൽ യു.എസിലെ മൗണ്ട് സെന്റ് ഹെലൻസിൽ ഉണ്ടായതടക്കം ആധുനിക ലോകത്ത് ഇന്നേ വരെ കണ്ടിട്ടുള്ള ഒരു അഗ്നി പർവത സ്ഫോടനത്തിനും അന്ന് ക്രാകത്തോവയിലുണ്ടായ സ്ഫോടനത്തിന്റെ അത്രയും തീവ്രത ഇല്ലായിരുന്നു.

അന്നത്തെ സ്ഫോടനത്തിന് പിന്നാലെ 165ലേറെ ഗ്രാമങ്ങളെയും നഗരങ്ങളെയും തകർത്തെറിഞ്ഞ 100 ഉയരത്തിലുള്ള കൂറ്റൻ സുനാമിത്തിരമാലകളും ഉണ്ടായതായാണ് രേഖകൾ. സ്ഫോടനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം 1,000 കിലോമീറ്റർ അകെലയുള്ള ഓസ്ട്രേലിയയിലെ പെർത്ത്, 4,800 കിലോമീറ്റർ ദൂരെയുള്ള മൗറീഷ്യസ് തുടങ്ങിയ പ്രദേശങ്ങളിൽ വരെ കേട്ടത്രെ. ഭൂമിയിലുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്ദമായിരുന്നു അത്.