കാഷ്യസ് @ 120

Saturday 10 June 2023 6:31 AM IST

കാൻബെറ : 120ാം പിറന്നാൾ ആഘോഷിച്ച് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ, മനുഷ്യരുടെ സംരക്ഷണത്തിലുള്ള ഏറ്റവും നീളം കൂടിയ മുതലയായ കാഷ്യസ്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് പാർക്കിൽ കഴിയുന്ന സാൾട്ട് വാട്ടർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട ഈ ഭീമൻ മുതലയ്ക്ക് 17 അടി 11 ഇഞ്ചാണ് നീളം.

ചിക്കനും ട്യൂണയുമാണ് കാഷ്യസിന് പിറന്നാൾ വിഭവങ്ങളായി നൽകിയത്. അതേ സമയം, കാഷ്യസിന്റെ പ്രായം ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിച്ചിട്ടുള്ളത്. ബോക്സിംഗ് താരം മുഹമ്മദ് അലിയോടുള്ള ആദരസൂചകമായാണ് 1987ൽ വടക്കൻ ഓസ്ട്രേലിയയിൽ നിന്ന് പിടികൂടിയ കാഷ്യസിന് ഈ പേര് നൽകിയത്.

മുഹമ്മദ് അലിയുടെ ആദ്യത്തെ പേര് കാഷ്യസ് ക്ലേ എന്നായിരുന്നു. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, തായ്‌ലൻഡ് രാജാവ്, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തുടങ്ങി നിരവധി പേർ കാഷ്യസിനെ സന്ദർശിച്ചിട്ടുണ്ട്. മുതലകളിൽ ഏറ്റവും നീളംകൂടിയവയാണ് സാൾട്ട് വാട്ടർ ക്രോക്കഡൈലുകൾ.

കണ്ടൽക്കാടുകൾ, ചതുപ്പ് പ്രദേശങ്ങൾ, നദികൾ തുടങ്ങി ലവണാംശമുള്ള വെള്ളത്തിൽ ജീവിക്കുന്നവയാണിവ. സാധാരണയായി, ഏകദേശം 1,200 കിലോഗ്രാമോളം ഭാരം വയ്ക്കാറുണ്ട് ഇവയ്ക്ക്. മൂക്ക് മുതൽ വാലറ്റം വരെ 20 അടിയോളവും ചിലപ്പേൾ അതിൽ കൂടുതലും നീളം വയ്ക്കാം. നൈൽ മുതലകൾക്കാണ് വലിപ്പത്തിൽ രണ്ടാം സ്ഥാനം.

 എതിരാളി ലോലോംഗ്

വലിപ്പത്തിൽ കാഷ്യസിന്റെ എതിരാളി ഫിലിപ്പീൻസിലെ ബുനാവനിലെ എക്കോ പാർക്ക് ആൻഡ് റിസേർച്ച് സെന്ററിന്റെ പരിപാലനത്തിലുണ്ടായിരുന്ന ലോലോംഗ് എന്ന മുതല ആയിരുന്നു. ചരിത്രത്തിൽ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയതിൽ ഏറ്റവും നീളം കൂടിയ മുതല എന്ന റെക്കാഡ് 2011ൽ കാഷ്യസ് സ്വന്തമാക്കിയെങ്കിലും തൊട്ടടുത്ത വർഷം ആ റെക്കാഡ് ലോലോംഗിന് ലഭിച്ചു. 20 അടി 2.91 ഇഞ്ചായിരുന്നു ലോലോംഗിന്റെ ആകെ നീളം.

ഫിലിപ്പീൻസിലെ ബുനാവനിൽ നിരവധി ജീവികളെയും രണ്ട് മനുഷ്യരെയും അകത്താക്കിയ ഭീകരനായ ലോലോംഗിനെ അധികൃതരും നാട്ടുകാരരും ചേർന്നാണ് പിടികൂടിയത്. 1,075 കിലോയോളം ഭാരമുണ്ടായിരുന്ന ലോലോംഗ് 2013 ഫെബ്രുവരി 10ന് ലോകത്ത് നിന്ന് വിടപറഞ്ഞു. ഇതോടെ മനുഷ്യർ പരിപാലിക്കുന്ന ഏറ്റവും നീളമേറിയ ജീവിച്ചിരിക്കുന്ന മുതലയെന്ന റെക്കാഡ് വീണ്ടും കാഷ്യസിന് ലഭിച്ചു. എന്നാൽ ചരിത്രത്തിൽ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയ ഏറ്റവും നീളമേറിയ മുതലയെന്ന ലോലോംഗിന്റെ നേട്ടം തകർക്കാനാകില്ല.