ലോകയുദ്ധത്തിനിടെ മറഞ്ഞ ട്രയംഫിനെ കണ്ടെത്തി
ലണ്ടൻ : 1942ൽ രണ്ടാം ലോകമഹായുദ്ധത്തിനിടെ കടലിൽ കാണാതായ ബ്രിട്ടീഷ് അന്തർവാഹിനി എച്ച്.എം.എസ് ട്രയംഫിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. മുങ്ങിയ കപ്പലുകളെ കേന്ദ്രീകരിച്ച് പര്യവേക്ഷണം നടത്തുന്ന ഗ്രീക്കുകാരനായ കോസ്റ്റാസ് തോക്റ്ററൈഡ്സ് ആണ് ഇക്കാര്യമറിയിച്ചത്.
താനും ടീമും ഈജിയൻ കടലിൽ 670 അടി ആഴത്തിൽ ട്രയംഫിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ഇദ്ദേഹം പറയുന്നു. ട്രയംഫ് കടലിൽ എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അന്തർവാഹിനിയുടെ അവശിഷ്ടങ്ങളുടെ വീഡിയോ ഇദ്ദേഹം പുറത്തുവിട്ടു. 1998ലാണ് ട്രയംഫിനായി താൻ ഗവേഷണം ആരംഭിച്ചതെന്ന് കോസ്റ്റാസ് പറയുന്നു. യു.കെ, ജർമ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ചരിത്ര രേഖകളാണ് കണ്ടെത്തലിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
84 മീറ്റർ നീളമുള്ള ട്രയംഫിനെ 1938ലാണ് നീറ്റിലിറക്കിയത്. എതിരാളികളുടെ കപ്പലുകൾ ആക്രമിക്കുന്നതടക്കം 20 ദൗത്യങ്ങളിൽ ട്രയംഫ് ഭാഗമായിട്ടുണ്ട്. 1941ൽ മുങ്ങിയ എച്ച്.എം.എസ് പെർസ്യൂസ് എന്ന അന്തർവാഹിനിയുടെ അവശിഷ്ടവും കോസ്റ്റാസ് കണ്ടെത്തിയിരുന്നു. 1997ലായിരുന്നു ഇത്. ട്രയംഫിനെ അവസാനമായി കണ്ടത് ഒരു ഇറ്റാലയിൻ പൈലറ്റ് ആയിരുന്നെന്നും ഏഥൻസിന് സമീപത്ത് വച്ചായിരുന്നു ഇതെന്നും കോസ്റ്റാസ് പറയുന്നു. 1942 ജനുവരിയിൽ 64 പേരുമായാണ് ട്രയംഫിനെ കാണാതായത്.
ട്രയംഫിന്റെ മുൻവശത്തുണ്ടായ ശക്തമായ സ്ഫോടനമാണ് അത് കടലിൽ മുങ്ങാനിടയാക്കിയതെന്ന് കരുതുന്നതായി കോസ്റ്റാസ് പറയുന്നു. എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ട്രയംഫിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ഏതാനും ടോർപിഡോകൾ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീസ് തീരത്ത് കോസ്റ്റാസ് കണ്ടെത്തുന്ന അഞ്ചാമത്തെ അന്തർവാഹിനിയാണ് ട്രയംഫ്. 1941 ജൂലായ് 5ന് 48 പേരുമായി തകർന്ന ജാൻറ്റീന എന്ന ഇറ്റാലിയൻ അന്തർവാഹിനിയുടെ അവശിഷ്ടം കണ്ടെത്തിയെന്ന് കോസ്റ്റാസ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.