ആത്മകഥയുടെ പേരിൽ നടപടി കേട്ടിട്ടില്ല, ഉണ്ടായാൽ കരിയില വീഴുന്ന ശബ്ദംപോലും കേൾപ്പിക്കാതെ ഇറങ്ങും

Saturday 10 June 2023 10:03 AM IST

തിരുവനന്തപുരം. കനൽവഴികളിലൂടെ എന്ന തന്റെ ആത്മകഥയുടെ പേരിൽ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. ലോകത്ത് ആത്മകഥയുടെ പേരിൽ ആരെങ്കിലും നടപടിയെടുത്തതായി അറിയില്ല. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം സർവീസിലിരിക്കുമ്പോഴായിരുന്നു അതെന്നും 75 പിന്നിട്ട താനിപ്പോൾ പാർട്ടി സർവ്വീസിലില്ലെന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.

കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനാണിപ്പോൾ ദിവാകരൻ. ഇനിയിപ്പോൾ നടപടി ഉണ്ടായാലും ഒരു കരിയില വീഴുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവിടെനിന്നും ഇറങ്ങിപ്പോകാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയിലൂടെയും അല്ലാതെയും ദിവാകരൻ പറഞ്ഞ കാര്യങ്ങളെ ചൊല്ലി സി.പി.ഐ യോഗത്തിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു.

ആത്മകഥയിലെ വിവാദം വിപണനതന്ത്രമാണെന്ന കാനത്തിന്റെ പരാമർശത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'എന്റെ ആത്മകഥ എന്റെ ജീവരക്തമാണ്.എന്റെ ജീവിതത്തിന്റെ രക്തം പടർന്നൊഴുകുന്നതാണ്. അതിൽ യാതൊരു വിപണന തന്ത്രവുമില്ല.പറയേണ്ട കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. എന്റെ ജീവിതാനുഭവങ്ങളാണെല്ലാം.യോജിക്കേണ്ടവർക്ക് യോജിക്കാം.അല്ലാത്തവർക്ക് തള്ളിക്കളയാം. '- ദിവാകരൻ വ്യക്തമാക്കി.

ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് വീട്ടിൽവച്ച് വായിക്കാൻ പറ്റില്ല

സോളാർ കമ്മിഷൻ അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് വീട്ടിൽകൊണ്ടുവച്ച് വായിക്കാൻ കഴിയാത്തതാണെന്ന് സി. ദിവാകരൻ പറഞ്ഞു.നമ്മുടെ സംസ്‌കാരത്തിനു യോജിക്കാത്തതാണ്. അന്വേഷിക്കേണ്ട കാര്യമല്ല കമ്മിഷൻ അന്വേഷിച്ചത്, ലൈംഗികമായ കാര്യങ്ങളാണ് കമ്മിഷൻ തിരഞ്ഞത്.റിപ്പോർട്ട് പൊതുസമൂഹത്തിനു മുമ്പാകെ വന്നപ്പോൾ കോൺഗ്രസ് നേതാക്കളോട് ആ ഭാഗങ്ങൾ നീക്കിക്കിട്ടാൻ പെറ്റീഷൻ കൊടുക്കണമെന്നും അല്ലെങ്കിൽ റെക്കോഡാകുമെന്നും പറഞ്ഞു.അവരാരും തയ്യാറായില്ല. ഉമ്മൻചാണ്ടിയെ കരിവാരിത്തേച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാരാണെന്നും ദിവാകരൻ ആരോപിച്ചു.

'എന്റെ ബാല്യത്തെക്കുറിച്ച് അറിയുന്ന ആരും എന്നെ വിമർശിക്കില്ല. ദുരിതങ്ങളുടെ കനൽവഴികൾ നിറഞ്ഞ ജീവിതമായിരുന്നു. അമ്മയായിരുന്നു ഏറ്റവും വലിയ ശക്തി.പക്ഷെ എന്റെ ഉയർച്ച കാണാതെ അമ്മ എരിഞ്ഞടങ്ങിയെന്നത് ജീവിതാവസാനം വരെ സങ്കടമായി നിലനിൽക്കുമെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.

Advertisement
Advertisement