അരിക്കൊമ്പൻ കന്യാകുമാരിയിൽ; റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ്

Saturday 10 June 2023 10:59 AM IST

കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് പിടികൂടി തിരുനെൽവേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്ക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. തമിഴ്‌നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്- കേരള അതിർത്തിയോട് ചേർന്നുള്ള കോതയാർ ഡ‌ാമിനടുത്താണ് അരിക്കൊമ്പൻ നേരത്തെയുണ്ടായിരുന്നത്. മെല്ലെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ തമിഴ്‌നാട്ടിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേയ്ക്കും അവിടെനിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് അധികൃതർക്കും യഥാസമയം കൈമാറുന്നുണ്ട്. നിരീക്ഷണം ശക്തമായി തുടരുമെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം, അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചു. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകൾ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് അത് വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുന്ന അരിക്കൊമ്പനെ വീഡിയോയിൽ കാണാം.