ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ തയ്യാർ, ഒരു വിഭാഗം മാറി നിന്നാൽ ജയിക്കില്ല; വിമർശനവുമായി കെ മുരളീധരൻ

Saturday 10 June 2023 11:20 AM IST

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. പുതുമുഖങ്ങൾ വന്നാൽ മാറി നിൽക്കാൻ തയ്യാറണെന്ന് പറഞ്ഞ അദ്ദേഹം, കാര്യങ്ങൾ പാർട്ടി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. അതേസമയം, നേതൃത്വത്തെയും ഗ്രൂപ്പുകളെയും മുരളീധരൻ വിമർശിച്ചു. നേതൃത്വവും ഗ്രൂപ്പും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാതെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കില്ലെന്നും എം പി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

' തർക്കങ്ങൾ പരിഹരിക്കുക. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകണം. ഒരു വിഭാഗം മാറി നിന്നാൽ തിരഞ്ഞെടുപ്പിൽ ജയിക്കില്ല. ഞങ്ങളുടെ ഏറ്റവും സീനിയറായ നേതാവാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കുറേയൊക്കെ കൈകാര്യം ചെയ്‌തേനെ. മുൻപ് കെ കരുണാകരൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു.'- മുരളീധരൻ പറഞ്ഞു.

ഗ്രൂപ്പ് മറന്ന് ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗം വേണ്ടിയിരുന്നില്ലെന്നും താൻ ഒരു ഗ്രൂപ്പിനും ഒപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.