'എല്ലാവരുടെയും പ്രാർത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലപോലെ  നടന്നു'; ബിനു അടിമാലി ആശുപത്രി വിട്ടു, വീഡിയോ

Saturday 10 June 2023 12:04 PM IST

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ബിനു അടിമാലി ആശുപത്രി വിട്ടു. കുഴപ്പമില്ലെന്നും എല്ലാവരുടെയും പ്രാർത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലപോലെ നടന്നുവെന്നും ബിനു മാദ്ധ്യമങ്ങളോട് പറഞ്ഞു. കാലിന് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് കാലിന് കുഴപ്പമില്ല. ഞാൻ നടന്നല്ലേ കാറിൽ കയറിയതെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവരും സപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരിക്കേറ്റത്.

കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ തൃശൂർ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ ആണ് സുധി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത്.

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി പൂർത്തിയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് ഒൻപതു മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്. സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിൻ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിന്റെ നാഥൻ എന്നിവയടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.