പ്ളസ് ‌ടു കഴിഞ്ഞു നിൽക്കുന്നവരുടെ ശ്രദ്ധയ‌്ക്ക്, ഈ വെബ്സൈറ്റ് സന്ദർശിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കൂ

Saturday 10 June 2023 1:01 PM IST

കണ്ണൂർ:പാരാമെഡിക്കൽ മേഖലയിൽ അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് ലക്ഷങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ് സ്ഥാപനങ്ങൾ. ബി.എസ്.സി എം.എൽ.ടി ,ഡി.എം.എൽ.ടി ,നഴ്സിംഗ്, ഫിസിയോ തെറാപ്പി, ഓപ്പറ്റിയോമെട്രീ, ഫാർമസി, എക്‌സ്രേ ടെക്നിഷ്യൻ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് ടെക്നിഷ്യൻ, ഡയാലിസിസ് ടെക്നിഷ്യൻ തുടങ്ങിയ കോഴ്സുകളാണ് ഒരു വർഷത്തെയും ആറും രണ്ടും മാസകാലയളവിലുമെല്ലാം ഡിപ്ലോമ എന്ന പേരിൽ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നത്.

മൺമറഞ്ഞ രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള ഫൗണ്ടേഷൻ എന്ന തരത്തിലും കേന്ദ്ര സർക്കാ‌ർ അംഗീകരിച്ചത് എന്ന പേരിലും പലയിടത്തും ഇത്തരം സ്ഥാപനങ്ങൾ തലപൊക്കുന്നുണ്ട്.പാരാമെഡിക്കൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ പ്ലസ് ടു സയൻസ് ആണ് യോഗ്യത.എന്നാൽ പ്ലസ് ടു സയൻസ് പഠിക്കാത്ത വിദ്യാർത്ഥികൾക്കും ഇവർ അഡ്മിഷൻ നല്കുമെന്നുള്ളതാണ് പ്രത്യേകത.

കേന്ദ്ര സർക്കാർ അംഗീകാരമുണ്ടെന്ന അവകാശവാദത്തോടെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയുടെ പേരിൽ ഒരു മുകൾനില കെട്ടിടത്തിൽ ബോർഡും സ്ഥാപിച്ച് ക്സാസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളാണുള്ളത്.യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയുടേത് എന്ന വ്യാജേനയും കോഴ്സുകൾ നടത്തുന്നുണ്ട്. ജോലിക്ക് ശ്രമിക്കുമ്പോഴാണ് സർട്ടിഫിക്കറ്രിന് അംഗീകാരമില്ലാതെ കമ്പളിപ്പിക്കപ്പെട്ടതായി പലരും തിരിച്ചറിയുന്നത്.

രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ പാരാമെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.വിദേശത്തു പോകുന്നതിനും രജിസ്‌ട്രേഷൻ അത്യാവശ്യമാണ്.ഇത്തരം കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്നതിന് മുൻപായി കോഴ്സുകൾ അംഗീകാരമുള്ളതാണോ എന്ന് തിരുവന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഉൾപ്പെടെ വിളിച്ച് അന്വേഷിക്കേണ്ടതുണ്ട് .

കെണിയാണ്,​ കാശ് പോകും

കോഴ്സുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത രക്ഷിതാക്കളെയും കുട്ടികളെയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിദേശത്ത് ഉൾപ്പെടെ ജോലി വാഗ്ദാനം നൽകി കെണിയിലാക്കുന്നത്.കേരളത്തിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നതും.എല്ലാ വർഷവും ജൂൺ, ജൂലായ് ,ആഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചാണ് സർക്കാർ പത്രമാദ്ധ്യമങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിക്കുന്നത്.മൂന്ന് വ‌ർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ കേരള യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസ് വഴിയാണ് നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും പത്ര മാദ്ധ്യമങ്ങളിലൂടെയാണ് നൽകുന്നത്.കേരളത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന മറ്റു യൂണിവേഴ്സിറ്റികളൊന്നും നിലവിൽ ഇല്ല .

വെബ് സൈറ്റ് സജ്ജം

ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വെബ്സൈറ്റിൽ കേരളത്തിൽ ഏതൊക്കെ സ്ഥാപനങ്ങളിലാണ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ ഉള്ളതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്

Advertisement
Advertisement