രാജ്യത്ത് വെറും നാലുവർഷം കൊണ്ട് 101 മില്യൺ പ്രമേഹ രോഗികൾ; കേരളം എത്രാമത്തെ സ്ഥാനത്താണെന്നുള്ളത് ആശങ്ക കൂട്ടുന്നു; ഞെട്ടിക്കുന്ന പഠനം പുറത്ത്

Saturday 10 June 2023 3:13 PM IST

നാലുവർഷം കൊണ്ട് ഇന്ത്യയിൽ പ്രമേഹ രോഗികളിലുണ്ടായത് 44 ശതമാനം വർദ്ധനവ്. രാജ്യത്ത് ഇന്ന് 101 മില്യണിലധികം പ്രമേഹ രോഗികളുണ്ടെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നു. യു കെ മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019ൽ പ്രമേഹ രോഗികളുടെ എണ്ണം 70 മില്യൺ ആയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സാധാരണ ബ്ളഡ് ഷുഗർ ലെവലിനെക്കാൾ കൂടുതലും എന്നാൽ ടൈപ്പ്-2 ഡയബറ്റീസ് ആയി കണക്കാക്കാനും സാധിക്കാത്തവയെയാണ് പ്രി- ഡയബറ്റീസ് എന്ന് പറയുന്നത്. ഇന്ത്യയിൽ കുറഞ്ഞത് 136 മില്യൺ ആളുകളിൽ പ്രി- ഡയബറ്റീസ് കാണപ്പെടുന്നു. രാജ്യത്ത് ഗോവയിലാണ് പ്രമേഹ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ (26.4) ശതമാനം. പുതുച്ചേരി -26.3 ശതമാനം, കേരളം - 25.5 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. ദേശീയ ശരാശരി 11.4 ശതമാനമാണ്. അടുത്ത ഏതാനും വർഷങ്ങളിൽ ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ കുറഞ്ഞ വ്യാപനമുള്ള സംസ്ഥാനങ്ങളിൽ പ്രമേഹ കേസുകൾ വർദ്ധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

'ഗോവ, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും പ്രി- ഡയബറ്റീസ് കേസുകളെക്കാളും ഡയബറ്റീസ് കേസുകളാണ് കൂടുതലും. പുതുച്ചേരിയിലും ഡൽഹിയിലും ഇത് സമാസമം ആണ്'- പഠനത്തിന്റെ മുഖ്യ പങ്കാളിയായ ഡോ.രഞ്ജിത് മോഹൻ അഞ്ചന പറഞ്ഞു. ഡയബറ്റീസ് കേസുകൾ കുറവുള്ളിടത്ത് പ്രി- ഡയബറ്റീസ് കേസുകൾ കൂടുതലാണെന്നും മദ്രാസ് ഡയബറ്റീസ് റിസർച്ചിന്റെ പ്രസിഡന്റ് കൂടിയായ അഞ്ചന വ്യക്തമാക്കി.

പ്രി- ഡയബറ്റീസ് ഉള്ള മുതിർന്നവരിലും കുട്ടികളിലും പ്രമേഹരോഗത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രി- ഡയബറ്റീസ് ഉള്ള മൂന്നുപേരിൽ ഒരാളിൽ ഇത് ഡയബറ്റീസായി മാറുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മറ്റ് രണ്ടുപേരുടെ ജീവിത ശൈലിയും മറ്റും പ്രമേഹരോഗത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്ന് മുതിർന്ന ഡയബറ്റോളജിസ്റ്റായ ഡോ.വി മോഹൻ പറഞ്ഞു.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ഒരു ലക്ഷത്തിലധികം പേരിൽ 2008 ഒക്‌ടോബ‌ർ 18 മുതൽ 2020 ഡിസംബർ 17വരെ നടത്തിയ പഠനത്തിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019ലെ റിപ്പോർട്ടിൽ 74 മില്യൺ പ്രമേഹ രോഗികളുണ്ടെന്നായിരുന്നു കണ്ടെത്തിയത്. പിന്നീട് 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയപ്പോഴാണ് 101 മില്യൺ ആയതെന്ന് ഡോ.മോഹൻ വ്യക്തമാക്കി.

ഹൈപ്പർ ടെൻഷൻ, കൊളസ്‌ട്രോൾ, അമിതവണ്ണം എന്നിവയുടെ നിരക്കും രാജ്യത്ത് വർദ്ധിച്ചു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക്, കരൾ രോഗം എന്നിവയുടെ സാദ്ധ്യതയും വർദ്ധിപ്പിച്ചു.

കുറഞ്ഞത് 35.5 ശതമാനം പേരിൽ ഹൈപ്പർ ടെൻഷനും 81.2 ശതമാനം പേരിൽ കൊളസ്‌ട്രോൾ, 28.6 ശതമാനം പേരിൽ അമിതവണ്ണം, 39.5 ശതമാനം പേരിൽ അബ്‌ഡോമിനൽ ഒബിസിറ്റിയുണ്ടെന്നും സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപനത്തിൽ വലിയ വ്യത്യാസമുണ്ട്, അതിനാൽ ആരോഗ്യപരമായ സങ്കീർണതകൾ തടയുന്നതിന് ഓരോ സംസ്ഥാനവും വ്യത്യസ്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇന്ത്യ ഡയബറ്റീസ് എക്‌സ്‌പർട്ട് കമ്മിറ്റി ചെയർമാൻ ഡോ. അശോക് കുമാർ പറഞ്ഞു.

Advertisement
Advertisement