എൻ.സി.പി: പ്രഫുൽ പട്ടേലും സുപ്രീയ സുലേയും വർക്കിംഗ് പ്രസിഡന്റുമാർ

Saturday 10 June 2023 10:26 PM IST
NCP

ന്യൂഡൽഹി: മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലിനെയും ലോക്‌സഭാ എംപി സുപ്രിയ സുലേയെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) വർക്കിംഗ് പ്രസിഡന്റുമാരായി അദ്ധ്യക്ഷൻ ശരദ് പവാർ നിയമിച്ചു. പവാറിന്റെ മകളാണ് സുപ്രീയ. കോൺഗ്രസിൽ നിന്ന് വിട്ട് 1999ൽ പി.എ സാങ്മയ്‌ക്കൊപ്പം രൂപീകരിച്ച എൻ.സി.പിയുടെ 25-ാം വാർഷിക ദിനത്തിലാണ് സുപ്രധാന നിയമനങ്ങൾ പവാർ പ്രഖ്യാപിച്ചത്.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, സുനിൽ തത്കരെ എം.പി, ഡോ യോഗാനന്ദ് ശാസ്ത്രി, കെ.കെ. ശർമ്മ, നരേന്ദ്ര സിംഗ് വർമ, ജിതേന്ദ്ര അവ്ഹാദ്, എസ് ആർ കോഹ്ലി, നസീം സിദ്ദിഖി എന്നിവർക്ക് സുപ്രധാന ചുമതലകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ സംസ്ഥാനങ്ങളുടെയും രാജ്യസഭയുടെയും ചുമതല പ്രഫുൽ പട്ടേലും മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതല സുപ്രിയാ സുലെയ്‌ക്കും നൽകി. പുതിയ ചുമതലകൾ ലഭിച്ചവരെ മുതിർന്ന നേതാവ് അജിത് പവാർ അഭിനന്ദിച്ചു.

കഴിഞ്ഞ മാസം ശരദ് പവാർ അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് പിൻവലിച്ചിരുന്നു.