ബസ് കണ്ടക്ടറായി സിദ്ധരാമയ്യ, സ്ത്രീകൾക്ക് ഇന്നുമുതൽ സൗജന്യ യാത്ര
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ബസ് കണ്ടക്ടറാകും. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി" പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സിദ്ധരാമയ്യ ബി.എം.ടി.സി ബസിൽ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്. ബസ് യാത്രക്കിടെ സിദ്ധരാമയ്യ യാത്രക്കാരുമായി സംവദിക്കും. തുടർന്ന് സൗധയിൽ നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. മന്ത്രിമാരും നിയമസഭാംഗങ്ങളും അവർ പ്രതിനിധീകരിക്കുന്ന ജില്ലകളിൽ ബസിന് ഫ്ളാഗ് ഓഫ് നിർവഹിക്കും. ജാതി, മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതിയാണ് ശക്തിയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനുളളിൽ തന്നെ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പദ്ധതികൾ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കി വരികയാണ്.
ബി.പി.എൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും എല്ലാ മാസവും 10 കിലോ അരി ലഭിക്കുന്ന 'അന്നഭാഗ്യ" ജൂലായ് ഒന്നിന് ആരംഭിക്കും. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന 'ഗൃഹജ്യോതി" ആഗസ്റ്റ് ഒന്നിന് തുടങ്ങും. വീട്ടിലെ കുടുംബനാഥയ്ക്ക് 2000 രൂപ ലഭിക്കുന്ന 'ഗൃഹലക്ഷ്മി" പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 15ന് നടക്കും. തൊഴിൽ രഹിതർക്കുള്ള 'യുവനിധി" പദ്ധതിയുടെ ഉദ്ഘാടനവും ഉടൻ നടക്കും. യുവനിധിയിലൂടെ തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമയുള്ളവർക്ക് 1,500 രൂപയും ലഭിക്കും.