ബ്രിജ് ഭൂഷണ് അനുകൂലമായി മൊഴി മാറ്റാൻ സമ്മർദ്ദം, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങൾ

Sunday 11 June 2023 1:33 AM IST

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് അനുകൂലമായി മൊഴി മാറ്റാൻ തങ്ങൾക്കുമേൽ വലിയ സമ്മർദ്ദമുണ്ടെന്നും പരാതിക്കാരെ ബ്രിജ്ഭൂഷൺ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബ്രജ്രംഗ് പൂനിയയും. ബ്രിജ്ഭൂഷണിനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറില്ലെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഇരുവരും മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂൺ 15നുശേഷം സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഹരിയാനയിൽ ചേർന്ന ഖാപ്പ് മഹാപഞ്ചായത്ത് തീരുമാനിച്ചെന്നും അവർ അറിയിച്ചു.

പ്രായപൂർത്തിയാകാത്ത താരം സമ്മർദ്ദം താങ്ങാനാവാതെയാണ് മൊഴി മാറ്റിയതെന്ന് സാക്ഷി മാലിക്ക് വെളിപ്പെടുത്തി.

ബ്രിജ് ഭൂഷൺ സിംഗിന്റെ സാന്നിധ്യത്തിൽ വനിതാ താരത്തിന്റെ മൊഴിയെടുക്കാൻ കൊണ്ടുപോയെന്നും സാക്ഷി ആരോപിച്ചു. ഫെഡറേഷൻ ഓഫീസിൽ ബ്രിജ്ഭൂഷൺ ഇല്ലെന്നായിരുന്നു വനിതാ താരത്തിനോട് പൊലീസ് പറഞ്ഞത്. അയാളെ അവിടെ കണ്ട് അവൾ ഭയന്നുപോയി. മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷൺ സിംഗിനെ സംരക്ഷിക്കുകയാണ്.

ബ്രിജ്ഭൂഷണിനെതിരെ

റഫറി ജഗ്ബീർ സിംഗ്

ബ്രിജ്ഭൂഷൺ സിംഗ് പല അവസരത്തിലും വനിതാ താരങ്ങളോട് മോശമായി പെരുമാറിയതിന് സാക്ഷിയാണെന്ന് അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീർ സിംഗ് വെളിപ്പെടുത്തി. മേയ് 20ന് പട്യാലയിൽ വെച്ച് പൊലീസ് ജഗ്ബീർ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്തുകൊണ്ടാണ് ഇത്രയും കാലം ഇക്കാര്യങ്ങൾ തുറന്നു പറയാതിരുന്നത് എന്ന ചോദ്യത്തിന്, സംരക്ഷകൻ തന്നെ അക്രമിയാകുമ്പോൾ, പോകാനിടമില്ലല്ലോ എന്നായിരുന്നു റഫറിയുടെ പ്രതികരണം.

2022 മാർച്ച് 25-ന് ലഖ്‌നൗവിൽ മത്സരശേഷം ഫോട്ടോയെടുക്കുന്നതിനിടെ ബ്രിജ് ഭൂഷൺ വനിതാ താരത്തിന്റെ ശരീരത്തിൽ മോശമായി സ്‌പർശിക്കുന്നത് കണ്ടുവെന്ന് ജഗ്ബീർ പറഞ്ഞു. താരം മാറി നിൽക്കാൻ ശ്രമിച്ചതോൾ ബ്രിജ്ഭൂഷൺ ബലമായി പിടിച്ചു നിർത്തി. വനിതാ താരം ഫോട്ടോ സെഷനിൽ പങ്കെടുക്കാതെ പുറത്തു പോയി.

2013ൽ തായ്‌ലൻഡിലെ ഫുക്കറ്റിൽ മത്സരത്തിന് ശേഷം നടന്ന അത്താഴ വിരുന്നിനിടെ ബ്രിജ്ഭൂഷണും ചില കൂട്ടാളികളും മദ്യലഹരിയിൽ വനിതാ താരങ്ങളോട് മോശമായി പെരുമാറിയിരുന്നു. വനിതാ ഗുസ്തിക്കാരെ അനുചിതമായി സ്പർശിക്കാനും ബലമായി ആലിംഗനം ചെയ്യാനും മുതിർന്ന ബ്രിജ്ഭൂഷൺ അവർക്ക് സഹായങ്ങൾ വാഗ്‌ദാനങ്ങൾ ചെയ്യുന്നുണ്ടായരിുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വനിതാ താരങ്ങൾ അത്താഴം ഉപേക്ഷിച്ചു. ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഒരു രാക്ഷസനെയാണല്ലോ ഏൽപ്പിച്ചതെന്ന് തങ്ങൾക്ക് അന്നു തോന്നി.

ബ്രിജ് ഭൂഷൺ വനിതാ അത്‌ലറ്റുകളോട് തട്ടിക്കയറാറുണ്ട്. കരിയറിൽ അവസരം ലഭിക്കാൻ ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത താരങ്ങളുടെ മാറിടങ്ങളിലും മറ്റും സ്‌പർശിക്കാറുണ്ടെന്നും ജഗ്ബീർ ആരോപിച്ചു.

Advertisement
Advertisement